Breaking News

ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും പാലാത്തടത്തെ ദുരന്തനിവാരണ സേന ക്യാംപ് കടലാസിലുറങ്ങുന്നു


നീലേശ്വരം: പാലാത്തടം കണ്ണൂർ സർവകലാശാല ക്യാപസിനു സമീപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ദുരന്ത നിവാരണസേന ക്യാംപിനുള്ള (റാപ്പിഡ് റസ്പോൺസ് റസ്ക്യൂ ഫോഴ്സ്) അനുമതി വൈകുന്നു. അതു കൊണ്ടു തന്നെ ജില്ലയിൽ ദുരന്തമുണ്ടാകുമ്പോൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വൈകാനും കാരണമാകുന്നു. ജില്ലയിൽ പ്രകൃതിദുരന്തങ്ങൾ തുടരുന്ന സാഹചര്യത്തിൽ അനുമതി വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയത് വിമർശന പോലും ദുരന്തനിവാര സംസ്ഥാന ദുരന്ത നിവാരണസേനയുടെ കീഴിലാണ് പാലാത്തടത്ത് ഇത് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. മലപ്പുറം പാണ്ടിക്കാട്ടാണ് ഇതിന്റെ ആസ്ഥാനം. ഇതു തുടങ്ങുന്നതുമായി ബന്ധപ്പെട്ടു ദുരന്ത നിവാരണ അതോരിറ്റിയുടെ തീരുമാനം വൈകുന്നതാണു ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് ക്യാംപുകളുള്ളത്. എല്ലാ ജില്ലകളിലും ക്യാംപുകൾ ആരംഭിക്കണമെന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലയിൽ നീലേശ്വരത്ത് സ്ഥാപിക്കാനുള്ള ധാരണയിലെത്തിയത്. മുൻ എം.എൽ.എ കെ.കുഞ്ഞിരാമന്റെ ശ്രമഫലമായി പാലത്തടത്ത് ഏഴേക്കറിലധികം സ്ഥലവും ഇതിനായി കണ്ടെത്തി. തുടർന്ന് ഇതിനായുള്ള നിർദേശവും സർക്കാർക്കാരിനു മുന്നിൽ സമർപ്പിച്ചു. പക്ഷേ തുടർനടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. ഭൂമി പതിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അതും മുടങ്ങിയിരിക്കുകയാണ്. നിലവിലെ എം.എൽ.എ എം.രാജഗോപാൽ ഇക്കാര്യത്തിൽ വേണ്ട താൽപര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ദേശീയപാതയുടെ ആറു കിലോമീറ്റർ ചുറ്റളവിലായിരിക്കണം ക്യാംപ് എന്ന് നിയമമുണ്ട്. കൂടാതെ കടൽമാർഗം വേഗത്തിൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലമാണ് ഇതിനായി വേണ്ടത്. മടക്കര തുറമുഖം, അഴിത്തല തൈക്കടപ്പുറം ബോട്ട് ജെട്ടി എന്നിവ വളരെ അടുത്തായതുകൊണ്ടു തന്നെയാണ് നീലേശ്വരത്തിന് ഇക്കാര്യത്തിൽ പരിഗണന ലഭിച്ചത്. കടൽമാർഗം വന്ന് ബോട്ടുവഴി കാര്യങ്കോട് പുഴയിലൂടെ നിർദിഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള സൗകര്യവുമുണ്ട്. തുറമുഖങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ എളുപ്പത്തിൽ എത്തിച്ചേരാനും നാവിക അക്കാദമിയുടെ സഹായം വേഗത്തിൽ ലഭ്യമാക്കാനും കഴിയുമെന്ന നേട്ടംകൂടി നീലേശ്വരത്തിനുണ്ട്. അതോടൊപ്പം ക്യാംപിന് പ്രധാനമായും ആവശ്യമായ റെയിൽവേ, ആശുപത്രി സൗകര്യങ്ങളും ഇവിടെ ലഭ്യവുമാണ്.

No comments