Breaking News

ശക്തമായ മഴയിൽ സംസ്ഥാന അതിർത്തി പഞ്ചായത്തായ കർണാടക കരിക്കെ വാച്ചിമല വനത്തിൽ ഉരുൾപൊട്ടി


കരിക്കെ (മടിക്കേരി) : ശക്തമായ മഴയിൽ സംസ്ഥാന അതിർത്തി പഞ്ചായത്തായ കർണാടക കരിക്കെ വാച്ചിമല വനത്തിൽ ഉരുൾപൊട്ടി. പാണത്തൂർ-ബാഗമണ്ഡല അന്തസ്സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രിയോടെയാണ് പാണത്തൂരിൽനിന്ന്‌ 20 കിലോമീറ്ററോളം അകലെയുള്ള കർണാടക വനത്തിൽ ഉരുൾപൊട്ടിയത്. ഉൾവനത്തിൽനിന്ന്‌ താഴോട്ട് കുത്തിയൊഴുകിയ മലവെള്ളത്തിൽ കൂറ്റൻപാറകളും മണ്ണും ഒഴുകിവന്ന് റോഡ് മൂടിയ നിലയിലാണ്. റോഡിന്റെ മുകൾവശത്ത് പലയിടങ്ങളിലും വലിയ തോതിൽ മണ്ണിടിഞ്ഞിട്ടുമുണ്ട്.


വനമേഖലയായതിനാൽ വീടുകൾ ഇല്ലാത്തതും റോഡിൽ വാഹനങ്ങൾ ഇല്ലാത്തതും കാരണം വലിയ അപകടമാണ്‌ ഒഴിവായത്. ഗതാഗതം തടസ്സപ്പെട്ടതോടെ വ്യാഴാഴ്ച രാവിലെമുതൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും പാറയും നീക്കി റോഡ് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കരുതുന്നതായി കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ നായർ അറിയിച്ചു.


മഴക്കാലവും അപകടസാധ്യതയും മുൻനിർത്തി രാത്രികാലത്ത് ഇതുവഴിയുള്ള സഞ്ചാരം ആളുകൾ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹമറിയിച്ചു. നിലവിൽ ഉരുൾപൊട്ടിയതിന് രണ്ടുകിലോമീറ്റർ അകലെ 2019-ലും ഇതേ രീതിയിൽ ഉരുൾപൊട്ടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. കുടക് ജില്ലയിൽ ഒരുമാസം മുൻപുണ്ടായ ഭൂചലനത്തിൽ ഉൾപ്പെട്ട മേഖലകൂടിയാണിത്.

No comments