Breaking News

സങ്കട കാഴ്ച്ചകൾ കണ്ണ് തുറപ്പിച്ചു.. രാജപുരം പുളിംകൊച്ചി നിവാസികൾക്ക് പാലം യാഥാർഥ്യമാകുന്നു ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ പദ്ധതിക്കായി മാറ്റിവച്ചു


രാജപുരം: നീണ്ട ഈ വർഷത്തെ കാത്തിരിപ്പിനു ശേഷം രാജപുരം പുളികൊച്ചി നിവാസികൾക്ക് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ട്രൈബൽ ഡിപ്പാർട്ട്മെന്റും ജില്ലാപഞ്ചായത്തും സഹകരിച്ചാണ് പാലം നിർമ്മിക്കുന്നത്. മഴക്കാലത്ത് പൂർണമായും ഒറ്റപ്പെട്ട കോളനിവാസികളുടെ ദുരിതങ്ങളെകുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ വഴിയാണ് പുറം ലോകമറിഞ്ഞത്. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ പുളികൊച്ചി  സ്വദേശി പി എ ഗോപാലകൃഷ്ണന്റെ മൃതദേഹവുമായി ബന്ധുക്കൾ മഴയും നനഞ്ഞു നടന്ന് പുളികൊച്ചി  ചാൽ കുറുകെ കടന്നു വീട്ടിലെത്തിച്ച യാത്രാ സങ്കട കാഴ്ചയായി മാറിയിരുന്നു. റോഡും പാലവും ഇല്ലാത്തതിനാൽ മഴക്കാലമായാൽ ഈ പ്രദേശം ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. മുപ്പതോളം കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. ഈ അവസ്ഥ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രദേശത്തെ ജനപ്രതിനിധികളും മറ്റ് പൊതു പ്രവർത്തകരും നാട്ടുകാരും കൂട്ടായി ശ്രമിച്ചിരുന്നു. ദൃശ്യപത്ര മാധ്യമങ്ങളും വിഷയത്തിൻ്റെ ഗൗരവം ചോരാതെ വാർത്തകൾ അധികൃർക്ക് മുന്നിലെത്തിച്ചു. ഇതിനെ തുടർന്നാണ് കാസർകോട് ജില്ലാ പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ഇവിടെ നടപ്പാലവും പാതയും നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ജില്ലാ പഞ്ചായത്തും ട്രൈബൽ ഡിപ്പാർട്ട്മെന്റ് ചേർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്. അടുത്ത സീസണോടുകൂടി പുതിയ പാലം നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിവേഗത്തിൽ നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

No comments