Breaking News

വെള്ളരിക്കുണ്ടിൽ മൂന്നാം തവണയും അസാധാരണ ശബ്ദവും പ്രകമ്പനവും സംഭവിച്ച വീടും പ്രദേശവും തഹസിൽദാർ സന്ദർശിച്ചു


വെള്ളരിക്കുണ്ട്:  ഭൂമിയിൽ നിന്നും അസാധാരണ ശബ്ദവും പ്രകമ്പനവും സംഭവിച്ച വെള്ളരിക്കുണ്ട് എ.കെ.ജി നഗറിന് സമീപത്ത് താമസിക്കുന്ന ഇല്ലിക്കൽ ഗോപകുമാറിൻ്റെ വീടും പരിസരവും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി സന്ദർശിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ഒപ്പമുണ്ടായിരുന്നു.

ഓഗസ്റ്റ് 6 നാണ് ഇവിടെ ശക്തമായ രീതിയിൽ ശബ്ദവും പ്രകമ്പനവും സംഭവിച്ചതായി പ്രദേശത്തെ രണ്ട് വീട്ടുകാർ പറഞ്ഞത്.  ഇപ്പോൾ മൂന്നാം തവണയും ശബ്ദവും പ്രകമ്പനവും ആവർത്തിച്ച സാഹചര്യത്തിലാണ് തഹസിൽദാർ ഇവിടെ സന്ദർശനം നടത്തിയത്.

പ്രാഥമിക പരിശോധന നടത്തിയ ശേഷം വീട്ടുകാരോട് തഹസിൽദാർ സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭൂമിയിൽ പ്രകമ്പനം സംഭവിച്ചതിന് ഗോപകുമാറിൻ്റെ വീട്ടുകാർ സാക്ഷിയാണെങ്കിലും പ്രത്യക്ഷത്തിൽ അതിനുള്ള തെളിവുകളൊന്നും തന്നെ കാണാനില്ല.  ജിയോളജിസ്റ്റിൻ്റെ ശാസ്ത്രിയമായ പരിശോധനയ്ക്ക് ശേഷം മാത്രമെ സംഭവത്തിന് വ്യക്തത വരുത്താൻ കഴിയു എന്ന് തഹസിൽദാർ പി വി മുരളി മലയോരം ഫ്ലാഷിനോട് പറഞ്ഞു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും തഹസിൽദാർ ഗോപകുമാറിൻ്റെ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം പരപ്പ വില്ലേജ് ഓഫീസറും സംഘവും പ്രദേശം സന്ദർശിച്ചിരുന്നു.

No comments