Breaking News

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്‌റ്റിവൽ ഡിസംബർ 24 മുതൽ




ഉദുമ : ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ജില്ലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന സാംസ്കാരികോത്സവമായി മാറും. ഡിസംബർ 24ന്‌ ആരംഭിക്കുന്ന മേളയിൽ മൂന്നു വേദികളിലായി കലാ സാംസ്കാരിക പരിപാടികൾ നടക്കും.

ദേശീയപ്രശസ്തരായ കലാകാരന്മാർ, ജില്ലയിലെ കലാ സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന കലാപരിപാടികൾ ഒരേസമയം മുന്നുവേദികളിലായി പത്തുദിവസവും നടക്കും. കുടുംബശ്രീയുടെ ഫുഡ് കോർട്ട് , പ്രദർശന വിപണന സ്‌റ്റാളുകൾ എന്നിവ ഉണ്ടാകും. ഒരു കോടി രൂപയാണ് ചെലവ്‌. ബേക്കലിലേക്ക് സ്വദേശികൾ ഉൾപ്പെടെ കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ആഘോഷമായി മാറും. വൈകിട്ട് അഞ്ച്‌ മുതൽ രാത്രി 10 വരെയാണ് കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുക. പുതുവത്സര ദിനത്തിൽ രാത്രി 12 വരെയും ഉണ്ടാകും. ബീച്ചും പരിസരവും ദീപാലാ ങ്കൃതമാക്കും.

മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായും ടിക്കറ്റുകൾ എടുക്കാനുള്ള സൗകര്യമുണ്ടാകും. ബിആർഡിസി, ഡിടിപിസി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ നേതൃത്വം നൽകും. വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും.

സംഘാടകസമിതി രൂപീകരണയോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കലക്ടർ സ്വാഗത് ആർ ഭണ്ഡാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, എഡിഎം എ കെ രമേന്ദ്രൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കുമാരൻ, സി കെ അരവിന്ദാക്ഷൻ, പി ലക്ഷ്മി, എച്ച്‌ മുരളി, എം ധന്യ, ടി ശോഭ, മുൻ എംഎൽഎമാരായ കെ കുഞ്ഞിരാമൻ, കെ വി കുഞ്ഞിരാമൻ, അസിസ്റ്റന്റ്‌ കലക്ടർ മിഥുൻ പ്രേംരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ, ബേക്കൽ ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, ഹക്കീം കുന്നിൽ, കെ ഇ എ ബക്കർ, വി രാജൻ, എം എ ലത്തീഫ്, ജില്ലാ ഇൻഫോർമേഷൻ ഓഫീസർ എം മധുസൂദനൻ, പ്രോഗ്രാം കോർഡിനേറ്റർ ജ്യോതി എന്നിവർ സംസാരിച്ചു.

ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് സ്വാഗതവും മാനേജർ യു എസ് പ്രസാദ് നന്ദിയും പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എംഎൽഎ ചെയർമാനും കലക്ടർ സ്വാഗത് ആർ ഭണ്ഡാരി കൺവീനറുമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.


No comments