കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കി. സിവില്‍ പൊലിസ് ഓഫിസര്‍മാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാല്‍ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാല്‍പാദവുമാണ് മുറിച്ച് നീക്കിയത്.
വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയര്‍ത്തി നിര്‍ത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാര്‍, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തില്‍ പൊലീസുകാര്‍ ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പെട്ടു. പൊലീസുകാരെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് സൂരജ്.
No comments