Breaking News

ജില്ലയിൽ തൊഴിൽസഭക്കായി 
 തദ്ദേശസ്ഥാപനങ്ങൾ ഒരുങ്ങി :‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ സർവേയിലൂടെ കണ്ടെത്തിയ തൊഴിൽരഹിതരെ പഞ്ചായത്തുതലത്തിൽ നടത്തുന്ന സഭകളിലേക്ക് ക്ഷണിക്കും

കാസർകോട്‌ : ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽരഹിതരായിക്കഴിയുന്നവർക്കിടയിലേക്ക് തൊഴിൽസഭകളുമായി സംസ്ഥാന സർക്കാരെത്തും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് തൊഴിൽസഭകൾ നടത്തി യോഗ്യതക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ്‌ സഭ ചേരുക. 

ഓരോ തൊഴിൽസഭകളിലും പരമാവധി 250 പേരെ പങ്കെടുപ്പിക്കും. കൂടുതൽ ആളുകളുണ്ടെങ്കിൽ ഒന്നിലധികം സഭകൾ സംഘടിപ്പിച്ച് തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവര കൈമാറ്റം നടത്തും.
സർക്കാരിന്റെ വിവിധ തൊഴിൽ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, തൊഴിലന്വേഷകർക്ക് യോഗ്യതക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴിൽ കണ്ടെത്താൻ മാർഗനിർദേശം നൽകുക, വിജ്ഞാനാധിഷ്ഠിത തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ തൊഴിൽ സഭകൾക്ക്‌. ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ സർവേയിലൂടെ കണ്ടെത്തിയ തൊഴിൽരഹിതരെ പഞ്ചായത്തുതലത്തിൽ നടത്തുന്ന സഭകളിലേക്ക് ക്ഷണിക്കും. ഇവർക്ക് പദ്ധതിയിൽ മുൻഗണന നൽകും.
പദ്ധതി ഏകോപനത്തിനായി റിസോഴ്‌സ് പേഴ്‌സൺസുണ്ട്‌. തൊഴിൽ നേടാനും സംരംഭങ്ങൾ തുടങ്ങാനും ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകും. ഇതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ റിസോഴ്‌സ്‌പേഴ്സൺസിന്‌ തൊഴിൽസഭ പരിശീലനം നൽകിയിട്ടുണ്ട്.
ജില്ലയിൽ 41 തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു കമ്യൂണിറ്റി അംബാസിഡറും ഒരു ഫെസിലിറ്റേറ്ററുമുണ്ട്‌. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും കണ്ടെത്തി തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തും. നൈപുണ്യവികസനത്തിലൂടെ തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുകയെന്നതും തൊഴിൽസഭകളുടെ ലക്ഷ്യമാണ്.
കൂടാതെ തൊഴിൽ സംരംഭക ക്ലബ്ബുകൾ രൂപീകരിച്ച് തൊഴിൽ നേടാനുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണവും നടക്കും. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ് ഗ്രാമസഭ മാതൃകയിലാണ് തൊഴിൽസഭ നടത്തുക.


No comments