Breaking News

ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ വിളവെടുപ്പുത്സവം നടത്തി ; ബളാൽ ഗ്രാമപഞ്ചായത്തിലെ മികച്ച ജൈവകർഷകനായി തിരഞ്ഞെടുത്ത രാഘവൻ വി വി ആദ്യ ഫലങ്ങൾ ഏറ്റുവാങ്ങി


മാലോത്ത് കസബ യിലെ എസ് പി സി യുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം  ബളാൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ  ജെസ്സി ടോമി നിർവഹിച്ചു.ബളാൽ ഗ്രാമപഞ്ചായത്തിലെ മികച്ച ജൈവകർഷകനായി തിരഞ്ഞെടുത്ത രാഘവൻ വി വി ആദ്യ ഫലങ്ങൾ ഏറ്റുവാങ്ങി. ചിങ്ങം 1 കർഷക ദിനത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിൽ നിന്നും ലഭ്യമാക്കിയ മുന്നൂറോളം പച്ചക്കറി തൈകളാണ് എസ്പിസി കുട്ടികൾ ഗ്രോ ബാഗിൽ നിറച്ച് കൃഷി ആരംഭിച്ചത്. വെണ്ട, വഴുതന, പയർ, തക്കാളി, പച്ചമുളക് എന്നിങ്ങനെയുള്ള പച്ചക്കറികൾ തികച്ചും ജൈവരീതിയിൽ ആണ് കുട്ടിപോലീസുകാർ നട്ടുവളർത്തി പരിപാലിച്ചു പോരുന്നത്. സ്കൂൾ അടുക്കളയിൽ നിന്ന് ലഭിക്കുന്ന ജൈവമാലിന്യങ്ങൾ വളമായി ഉപയോഗിച്ചുകൊണ്ട് നടത്തിയ ഈ കൃഷി , കാർഷികവൃത്തിയിലേക്ക് കുട്ടികളെ അടുപ്പിക്കുന്നതിനു സഹായകരമാണ് എന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനാധ്യാപകൻ ജ്യോതി ബാസു അഭിപ്രായപ്പെട്ടു. സ്കൂളിൽ നിന്നും കുട്ടികൾ പഠിച്ച കൃഷിപാഠങ്ങൾ അവരുടെ വീടുകളിലും പ്രാവർത്തികമാക്കി പച്ചക്കറി കൃഷി വീടുകളിലേക്ക് വ്യാപിപ്പിച്ച് സ്വയം പര്യാപ്തതയിലേക്ക് എത്തണമെന്ന് എസ് പി  സി കേഡറ്റുകളോട് പിടിഎ പ്രസിഡണ്ട് സനോജ് മാത്യു അഭിപ്രായപ്പെട്ടു.  കസബ എസ് പി സി യുടെ പ്രവർത്തികൾ മാതൃകാപരം എന്ന അഭിപ്രായമാണ് പരിപാടിയിൽ പങ്കെടുത്ത വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം വിജയകുമാർ പറഞ്ഞത്.ജൈവ രീതിയിൽ അടുക്കള ത്തോട്ടം ഒരുക്കേണ്ടത് എങ്ങിനെ എന്ന് രാഘവൻ വി വി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

    ബളാൽ കൃഷി ഭവനിലെ അസിസ്റ്റൻറ് കൃഷി ഓഫീസർ എസ് രമേഷ് കുമാർ,മാലോത്ത് കസബ സ്കൂളിലെ സീനിയർ അസിസ്റ്റൻറ് പ്രസാദ്  എം. കെ ,എസ് പി സി യുടെ ചുമതലയുള്ള ജോബി ജോസ്,ജോജിത പി ജി, ഡി ഐ റെജി കുമാർ,എ ‌‍ഡി ഐ അഭിരാമി എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments