Breaking News

മലയാളത്തിലെ 'കാന്താര'; തെയ്യം പശ്ചാത്തലമാക്കി ബിഗ് ബജറ്റിൽ 'കതിവനൂർ വീരൻ' ടി പവിത്രൻ, രാജ്‌മോഹൻ നീലേശ്വരം എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിക്കുന്നത്



ഉത്തര മലബാറിലെ പൈതൃക കല തെയ്യം പശ്ചാത്തലമാക്കി പുതിയ മലയാള സിനിമ ഒരുങ്ങുന്നു. 'കതിവനൂര്‍ വീരന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മല്‍ ആണ്. സിനിമയുടെ നിര്‍മ്മാണ ചിലവ് 40 കോടിയോളമാണെന്ന് സംവിധായകന്‍ പറയുന്നു. തെയ്യവും ദൈവകോലവും പശ്ചാത്തലമാക്കി ഒരുങ്ങിയ കന്നഡ ചിത്രം 'കാന്താര' വന്‍ ഹിറ്റാവുന്നതിനിടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.ടി പവിത്രന്‍, രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്ദ മികവോടെ അനിര്‍വചനീയ തലത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരിക്കും കതിവനൂര്‍ വീരനെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. 'റോഷാക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ സിനിമയുടെ ഭാഗമാകും. 2023 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.റിഷബ് ഷെട്ടി ചിത്രം കാന്താര മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുയാണ്. ഇതുവരെ ചിത്രം 350 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

No comments