Breaking News

ലഹരിയിൽ മയങ്ങിക്കറങ്ങുന്നവർ ജാഗ്രത ... സംസ്ഥാന പോലീസ് ഉപയോഗിക്കുന്ന ആൽക്കോ സ്കാൻ വാൻ ജില്ലയിലെത്തി


നീലേശ്വരം : ലഹരിയിൽ മയങ്ങിക്കറങ്ങുന്നവർക്കിനി പൂട്ട് വീഴും. മണത്താലും ഊതിച്ചാലും മനസ്സിലാകാത്ത എം.ഡി.എം.എ., കഞ്ചാവ് പോലുള്ള ലഹരി ഉപയോഗിക്കുന്നവരെ പൂട്ടാനായി സംസ്ഥാന പോലീസ് ഉപയോഗിക്കുന്ന ആൽക്കോ സ്കാൻ വാൻ ജില്ലയിലെത്തി. ഇനി ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനങ്ങളിൽ കറങ്ങുന്നവരെ തെളിവുസഹിതം പിടിക്കാനാണ് പോലീസിന്റെ ആൽക്കോ സ്‌കാൻ വാൻ.സംശയമുള്ളവരെ വാനിലുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് സ്ഥിരീകരിക്കുക. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. മൂന്നുദിവസത്തിനുള്ളിൽ ഉപയോഗിച്ച ലഹരിയുടെ സാന്നിധ്യംപോലും പരിശോധനയിലൂടെ കണ്ടെത്താനാകും. പരിശോധനാസമയത്തുതന്നെ പോലീസിന് ലഹരി ഉപയോഗം കണ്ടെത്താമെന്നതുമാണ് ഇതിന്റെ ഗുണം. വാനിന്റെ ജില്ലാപര്യടനത്തിന്റ ഉദ്ഘാടനം അഡീഷണൽ എസ്.പി. പി.കെ. രാജു നിർവഹിച്ചു. ജില്ലയിൽ പര്യടനം നടത്തുന്ന വാനിൽ പരിശീലനം ലഭിച്ച മൂന്ന് പോലീസ് ടെക്‌നീഷ്യൻ സ്റ്റാഫും ഒരു എസ്.ഐ.യും ഡ്രൈവറുമാണുള്ളത്.


വിവിധ കേന്ദ്രങ്ങളിൽ പരിശോധനലഹരിമരുന്നുകൾ കഴിച്ചശേഷം വാഹനങ്ങൾ ഓടിക്കുന്നവരെ പോലീസ് പിടിച്ചാൽ ഏറ്റവും വലിയ കഷ്ടപ്പാട് അവരെ ആസ്പത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകായെന്നതാണ്. ഈ സമയനഷ്ടം പരിഹരിക്കുന്നതാണ് ആൽക്കോ സ്‌കാൻ വാൻ. ലഹരി ഉപയോഗിച്ചവരെ ഉമിനീർ പരിശോധിച്ചാണ് കണ്ടെത്തുന്ന സംവിധാനമാണിത്. നുണഞ്ഞ ലഹരിയുടെ ഇനവും വീര്യവും പരിശോധിക്കുന്ന ലാബ് വാനിലുണ്ട്. ഈ മാസം 30 വരെ ആൽക്കോ സ്‌കാൻ വാൻ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പരിശോധനയ്ക്കുണ്ടാകും.

No comments