Breaking News

കാട്ടാനശല്യം രൂക്ഷം ; കാട്ടാനകളുടെ വരവ് തടയാനായി ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പിൽ രാത്രിയിൽ കാവൽ നിൽക്കുന്ന 
 വനംവകുപ്പ് ജീവനക്കാർ



അഡൂർ : കാറഡുക്ക, പരപ്പ, പാണ്ടി വനമേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതി വിതച്ച കാട്ടാനകളിൽ ഇനി തുരത്താനുള്ളത്‌ രണ്ടെണ്ണത്തെ. പാണ്ടി നേരോടിയിൽ ഒരെണ്ണവും മുളിയാർ വനമേഖലയിൽ മറ്റൊന്നും. ഇതിൽ നേരോടി ഭാഗത്തെ ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സഹായത്തിനുണ്ട്. എന്നാൽ മുളിയാറിലെ ആനയുടെ കൃത്യമായ വിവരം ലഭ്യമല്ല.കുറച്ചുദിവസമായി ഈ ആന ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയിട്ടുമില്ല. ഇതിനെ കണ്ടെത്തിയാൽ തുരത്താനുള്ള ശ്രമം തുടങ്ങുമെന്ന്‌ അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം നാട്ടുകാരെയും ജനപ്രതിനിധികളെയും ചേർത്ത് മണിക്കൂറുകൾ നടത്തിയ ശ്രമത്തിൽ നാലാനകളെ തുരത്താനായി. കേരള അതിർത്തിയായ കണ്ണാടിത്തോട് വരെയാണ് വനംവകുപ്പിന് ഇവയെ തുരത്താനാകുക. അവിടെ വരെ ആനകളെ എത്തിച്ചശേഷം സുള്ള്യ വനപ്രദേശത്തേക്ക് ആനകളെ തുരത്തി.
മൈസൂരുവരെ ആനകളെ തുരത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വേലി കടത്തിയ ആനകളെ തിരിച്ചു വരാതെ നോക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്‌. ഇത് വരെ നിർമിച്ച ആനപ്രതിരോധ വേലി ഫലപ്രദമാണ്.
കാട്ടുപോത്ത് 
ശല്യം രൂക്ഷം
പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടുപോത്ത് ശല്യവും രൂക്ഷമാവുന്നു. കാട്ടാനകൾ കൃഷി നശിപ്പിച്ച സ്ഥലങ്ങളിൽ പകരം നടുന്ന കവുങ്ങ്, തെങ്ങ്, വാഴ എന്നിവയാണ് നശിപ്പിക്കുന്നത്‌. കഴിഞ്ഞ ദിവസം കാറഡുക്ക അടുക്കത്തൊട്ടിയിൽ കവുങ്ങിൻ തൈകൾ തിന്ന് നശിപ്പിച്ചു.കുരങ്ങ് ശല്യവും വ്യാപകമാണ്.

No comments