Breaking News

വേനൽ കടുത്തതോടെ മലയോരത്ത് തീപിടുത്തം വ്യാപിക്കുന്നു; ഓടിക്കിതച്ച് അഗ്നിരക്ഷാസേന ബിരിക്കുളത്ത് അനുവദിച്ച അഗ്നിരക്ഷാ നിലയം കടലാസിൽ മാത്രം


വെള്ളരിക്കുണ്ട്: മലയോരത്ത് തീപിടുത്തവും ദുരന്തങ്ങളും വ്യാപകമാകുമ്പോഴും ഫയർസ്റ്റേഷൻ ഇല്ലാത്തത് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു.  മലയോരത്ത് അഗ്നിബാധയോ പ്രകൃതിദുരന്തമോ ഉണ്ടായാൽ നിലവിൽ നാൽപ്പത് കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട്, പെരിങ്ങോം, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നാണ് ഫയർഎഞ്ചിൻ വരുന്നത്. ഫയർഫോഴ്സ് എത്തുമ്പോഴേക്കും അഗ്നിബാധ വ്യാപിച്ച് കഴിഞ്ഞിട്ടുണ്ടാവും. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു, ഉടൻ തീ അണയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നാശനഷ്ടം ലഘൂകരിക്കാൻ സാധിക്കുമായിരുന്നു എന്നാൽ കിലോമീറ്ററുകൾ അകലെ നിന്നും ഫയർ എഞ്ചിൻ എത്തിയപ്പോഴേക്കും കാർ പൂർത്തമായി കത്തി നശിച്ചു കഴിഞ്ഞിരുന്നു.

സ്ഥലം കണ്ടെത്തി ഒന്നര വർഷമായെങ്കിലും കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് അഗ്നിശമനസേനാ കേന്ദ്രം അനുവദിക്കുമെന്നത് വാഗ്ദാനത്തിലൊതുങ്ങുകയാണ്. 2020 ഒക്ടോബറിലാണ് അഗ്നിശമനസേനാ കേന്ദ്രത്തിന് സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ ഒന്നരേക്കർ സ്ഥലം സന്ദർശിച്ചത്. ഓഫീസിനു പുറമേ ക്വാർട്ടേഴ്സ് ഉൾപ്പെടെ സ്ഥാപിക്കാനായിരുന്നു ആലോചന.

ആവശ്യമായ റോഡ്, ജല സൗകര്യങ്ങൾ ഉണ്ടെന്ന് അന്ന് സന്ദർശക സംഘം വിലയിരുത്തിയിരുന്നു.എന്നാൽ പിന്നീട് വന്ന ബജറ്റുകളിലൊന്നും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ല. ഇവിടെ അഗ്നിശമനസേനാ കേന്ദ്രം വന്നാൽ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകൾക്കും ഗുണം ലഭിക്കും.

അതുകൊണ്ടുതന്നെ ബിരിക്കുളം അഗ്നിശമനസേനാ കേന്ദ്രം യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനം ഊർജ്ജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

No comments