Breaking News

ചന്തേര പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക്‌ കാറിലിടിച്ച്‌ മറിഞ്ഞ്‌ മോഷ്ടാവ്‌ പിടിയിലായി




ചന്തേര: പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക്‌ കാറിലിടിച്ച്‌ മറിഞ്ഞ്‌ മോഷ്ടാവ്‌ പിടിയിലായി.കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
മംഗലാപുരം യേനപ്പോയയിലെ മുഹമ്മദ്‌ അല്‍ത്താഫിനെയാണ്‌ (27) ചന്തേര എസ്‌ഐ, എം.വി.ശ്രീദാസും സംഘവും പിന്തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്‌. പിലിക്കോട്‌ തോട്ടംഗേറ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇതുവഴി ബൈക്കില്‍ വന്ന അല്‍ത്താഫ്‌ പോലീസ്‌ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയി. പോലീസ്‌ പിന്തുടരുന്നതിനിടെ മട്ടലായിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനിടിച്ച് ‌അല്‍ത്താഫ്‌ ഓടിച്ചിരുന്ന ബൈക്ക്‌ മറിഞ്ഞു. ബൈക്കില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ ഇയാളെ പിടികൂടി. ഇതിനിടയിലാണ്‌ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടത്‌. അല്‍ത്താഫിനെ ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരത്തും പരിസരങ്ങളിലുമായി നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയാണെന്ന്‌
തിരിച്ചറിഞ്ഞത്‌. ശിക്ഷ കഴിഞ്ഞ്‌ 2 ആഴ്ച മുമ്പാണ്‌ പുറത്തിറങ്ങിയത്‌. ഇതിന്‌ ശേഷം കര്‍ണാടക വാമഞ്ചൂരില്‍ നിന്ന്‌ മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെയാണ്‌ ചന്തേര പോലീസിന്റെ പിടിയിലായത്‌. ചന്തേര ഗ്രേഡ്‌ എസ്‌ഐ,മനോജ്‌ പൊന്നമ്പാറ, എഎസ്‌ ഐ, സുരേഷ്‌ കുണിയന്‍,
സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.ദിലീഷ്‌, കെ.വി.സുരേഷ്‌ ബാബു എന്നിവരും പോലീസ്‌ സംഘത്തിലുണ്ടായിരുന്നു. കര്‍ണാടക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും പ്രതിയെ ഇവര്‍ക്ക്‌ കൈമാറുമെന്നും ചന്തേര സിഐ, പി.നാരായണന്‍ പറഞ്ഞു.

No comments