Breaking News

പാണത്തൂരിൽ റോഡ് റോളറിന് പകരം ടാറിംഗിന് ഉപയോഗിച്ചത് ജീപ്പ്'; കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്


 

രാജപുരം: പനത്തടി പഞ്ചായത്തിലെ പാണത്തൂർ പൂത്തുരടുക്കം-മാവുങ്കാല്‍ പഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി റോഡ് ടാറിട്ട് ഉറപ്പിക്കാനാണ് റോഡ് റോളറിന് പകരം ജീപ്പ് ഉപയോഗിച്ചത്. റോഡില്‍ മെറ്റലും ടാറും കുഴച്ചിട്ട് നിരത്തിയശേഷമാണ് ഉറപ്പിക്കാന്‍ റോളറിന് പകരം ജീപ് ഉപയോഗിച്ചത്. 

ഇതിന്റെ വീഡിയോ പ്രദേശവാസികളിലൊരാളായ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. റോഡ് നിര്‍മാണത്തിന്റെ ചുമതലക്കാരായ പഞ്ചായത് അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരുടെ അനാസ്ഥയാണ് കരാറുകാരന്‍ ഇത്തരത്തില്‍ പ്രവൃത്തിയില്‍ കൃത്രിമം കാണിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നാട്ടുകാര്‍ പഞ്ചായത് പ്രസിഡന്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പഞ്ചായത് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

അസി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് കണ്ടെത്തിയത്. അങ്ങനെയെങ്കില്‍, ഈ സംഭവം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ റോഡ് പണിയുടെ കാര്യത്തില്‍ എത്രത്തോളം അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെടും.

കഴിഞ്ഞ ദിവസമാണ് പുത്തൂരടുക്കം-മാവുങ്കാല്‍ റോഡില്‍ 340 മീറ്റര്‍ ഭാഗത്തെ റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. തുടക്കത്തില്‍ത്തന്നെ കരാറുകാരന്‍ നടത്തിയ തട്ടിപ്പ് ശ്രദ്ധയില്‍പെടുകയും അഞ്ച് മീറ്റര്‍ ഭാഗത്തെ ടാറിടല്‍ വീണ്ടും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കൃത്രിമം നടത്താന്‍ ശ്രമിച്ച കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും എന്ത് നടപടിയാണ് ഉണ്ടാവുകയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. റോഡ് റോളറിന് പകരം ജീപ് ഉപയോഗിച്ച് ടാറിംഗ് ഉറപ്പിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. മരുമകന്‍ മന്ത്രിയുടെ പുതിയ പരിഷ്‌ക്കാരം എന്ന് പറഞ്ഞാണ് ട്രോള്‍. വിദേശ രാജ്യങ്ങളില്‍ പോലും ഇല്ലാത്ത ടെക്‌നോളജിയാണ് നമ്പര്‍ വണ്‍ കേരളത്തില്‍ നടക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്.

No comments