Breaking News

ഭീമനടി-ചിറ്റാരിക്കാൽ റോഡ് പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തീകരിക്കുക;സിപിഐ(എം) നേതൃത്വത്തിൽ KRFB ഓഫീസ് ഉപരോധിച്ചു


വെള്ളരിക്കുണ്ട് : സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിൽ റീച്ച് മൂന്ന് ഭീമനടി-ചിറ്റാരിക്കാൽ റോഡ് പണി പൂർത്തികരിക്കാത്ത മെല്ലേ പോക്ക് നയം തുടരുന്ന കരാറുകാരന്റെ നടപടിക്കെതിരെ, എല്ലാ ഉപകരണങ്ങളും കൊണ്ട് വന്ന് ഉടൻ തന്നെ പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രവൃത്തിയുടെ എഞ്ചിനീയറിംഗ്  ചുമതലയുള്ള കേരളാ റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് സി.പി.ഐ.(എം) നേതൃത്ത്വത്തിൽ ഉപരോധിച്ചു .

55 കിലോമീറ്റർ ദൂരത്തിൽ 100 കോടിയിൽ അധികം എസ്റ്റിമേറ്റിൽ നിർമ്മിക്കുന്ന ഈ പ്രവൃത്തി ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു.ബഹു.എം.രാജഗോപാലൻ എം.എൽഎയും സിപിഐഎം നേതൃത്വവും നടത്തിയ ഇടപെടലിന്റെ ഫലമായി  ഇലക്ട്രിക് പോസ്റ്റും, വാട്ടർ പൈപ്പും മാറ്റുന്നതിനുള്ള തുക അപര്യാപ്തമായതു ൾപ്പെടെയുള്ള എല്ലാ സാങ്കേതീക തടസ്സങ്ങളും നീങ്ങി.14 കോടി രൂപ യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് വേണ്ടി അനുവദിച്ചു . അതിന് ശേഷം ടെണ്ടർ ക്ഷണിച്ച് പോസ്റ്റും, പൈപ്പും മാറ്റുകയും ചെയ്തു. ഇതെല്ലാം കൊണ്ട് കുറച്ച് കാലതാമസം നേരിട്ടതിനാൽ ഈ വർഷം റോഡ് ഫുൾ ഫില്ലിൽ ചെയ്യാൻ കഴിയില്ലെന്നും എല്ലാ റീച്ചിലും പൊളിച്ച ഭാഗം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാമെന്നും തിരുവനന്തപുരത്ത് ബഹു എം.എൽ.എ, വിളിച്ചു ചേർത്ത ഉന്നതല യോഗത്തിൽ തീരുമാനിച്ചതാണ്. 
ഈ തീരുമാനപ്രകാരം ഒന്നാം റീച്ചിലെ ചാനടുക്കം മുതൽ കടുമേനി ബോബെ മുക്ക് വരെയുള്ള പണി പൂർത്തീകരിച്ചിട്ടുമുണ്ട്

ഇതിന് ശേഷം  മൂന്നാം റീച്ചായ ഭീമനടി ചിറ്റാരിക്കാൽ റോഡ് പ്രവൃത്തി എല്ലാ സംവിധാനങ്ങളും കൊണ്ട് വന്ന് നടത്തുമെന്ന കരാറുകാരന്റെ ഉറപ്പ് ലംഘിക്കപ്പെട്ടു, ഇതിന് കാരണമായി പറഞ്ഞത് ഏപ്രിൽ 17 മുതൽ ക്വാറി ഉടമകൾ സമരത്തിലായതിനാലാണെന്നാണ്. സമരം കഴിഞ്ഞിട്ടും ഈ റീച്ചിലെ പണിയിലെ മെല്ലെ പോക്ക് തുടരുന്ന സാഹചര്യത്തിലാണ്. ഇന്ന് സി.പി.ഐ.(എം) നേതൃത്ത്വത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രദീപ് കുമാർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്കുമാർ, അസി. എഞ്ചിനീയർ സുരേഷ് എന്നിവരെ ഉപരോധിച്ചത്.വൈകുന്നേരം വരെ നടന്ന ഉപരോധത്തിനിടെ, ഉദ്യോഗസ്ഥർ,കരാർ കമ്പനിയുമായി സംസാരിച്ച് നാളെ മുതൽ പ്രവൃത്തി ഊർജ്ജിതമാക്കാമെന്നും  ഒന്നര കിലോമീറ്ററോളം വരുന്ന ഭീമനടി മാങ്ങോട് ഭാഗവും, രണ്ട് കിലോമീറ്ററോളം വരുന്ന നർക്കിലക്കാട് അറക്കത്തട്ട് ഭാഗവും മെയ് 20 ഓടെ പൂർത്തീകരിക്കാമെന്നും  നാളെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു അറക്കത്തട്ടിന് താഴെ അപകടമുണ്ടാക്കുന്ന ഭാഗം ഉടൻ ക്ലിയർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്നുമുള്ള രേഖാ മൂലമുള്ള ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

ഉപരോധ സമരത്തിന് സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ.സുകുമാരൻ, ഏരിയാ കമ്മറ്റി അംഗം സ്കറിയാ അബ്രഹാം, എളേരി ലോക്കൽ സെക്രട്ടറി അനിൽകുമാർ,
പി.കെ രമേശൻ എന്നിവർ നേതൃത്വം നല്കി.

No comments