Breaking News

നൂറിൽ നൂറുമായി മികവോടെ മാലോത്ത് കസബ പരിമിതികൾക്കിടയിലും കുട്ടികൾ നേടിയത് മികച്ച വിജയം


മാലോം: തുടർച്ചയായ മൂന്നാം വർഷവും നൂറുമേനി വിജയത്തോടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ . 125 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും മികച്ച രീതിയിൽ വിജയിച്ചു. 11 പേർ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. 6 പേർ 9 A + നേടിയപ്പോൾ 5 പേർ 8 A+ നേടി. ഒട്ടേറെ പരിമിതികളെ അതിജീവിച്ചാണ് കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്കൂളിൽ പകുതിയിലധികം കുട്ടികളും പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണ്. ദുർഘടമായ പ്രദേശങ്ങളിൽ നിന്നും കിലോമീറ്ററുകൾ താണ്ടിയാണ് ഈ കുട്ടികൾ സ്കൂളിലെത്തുന്നത്. ഗോത്രവാഹിനി പദ്ധതിയാണ് ഇവരുടെ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം. ഈ വർഷം എം.പി. ഫണ്ടിൽ നിന്ന് സ്കൂൾ ബസും അനുവദിച്ചു കിട്ടിയിട്ടുണ്ട്. പരിമിതമായ ഭൗതിക സാഹര്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കുട്ടികൾ മികച്ച വിജയം കൈവരിച്ചത്.


മികച്ച അച്ചടക്കം, പാഠ്യ-പാഠ്യേതര രംഗത്തെ ഗണനീയമായ പ്രവർത്തനങ്ങൾ എന്നിവ ഈ സ്കൂളിന്റെ  മികവിന് കാരണമായിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള പ്രത്യേക പരിശീലന ക്ലാസ്സുകൾ, രാത്രി കാല പഠന ക്യാമ്പ് , കൗൺസലിങ്ങ്, മോട്ടിവേഷണൽ ക്ലാസ്സുകൾ തുടങ്ങിയവയൊക്കെ മികച്ച വിജയത്തിന് കളമൊരുക്കി. അധ്യാപകർ സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയുണ്ടായി. പിടിഎ, എസ് എം സി, എം.എ.ടി.എ എന്നിവയോടൊപ്പം പത്തിലെ കുട്ടികളുടെ രക്ഷിതാക്കളും ശക്തമായ പിന്തുണയാണ് ഈ പ്രവർത്തനങ്ങൾക്ക് നൽകിയത്. പി.ടി.എ യുടെ കരുത്തുറ്റ പ്രവർത്തനങ്ങളും മികച്ച അധ്യാപകരുടെ പരിശ്രമവും വലിയ വിജയത്തിലേക്ക് സ്കൂളിനെ നയിച്ചു. അക്കാദമിക രംഗത്ത് മാത്രമല്ല കായിക മേഖലയിലും കസബ സ്കൂൾ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കസബ സ്പോർട്സ് പോയിന്റ് എന്ന പരിശീലന പദ്ധതി വഴി വിദഗ്ദ്ധ പരിശീലനമാണ് വിവിധ കായിക ഇനങ്ങൾക്ക് നൽകുന്നത്. LSS , USS , എൻ എം എം എസ് പരീക്ഷകൾക്ക് മികച്ച പരിശീലനമാണ് സ്കൂളിൽ ലഭിക്കുന്നത്. SPC, Scout and Guides, Bulbul , JRC , Little Kites തുടങ്ങിയവയും വിവിധ ക്ലബ്ബുകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. എൽ.കെ.ജെ മുതൽ എച്ച് എസ് എസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി 1400-ൽ പരം വിദ്യാർത്ഥികളാണ് മാലോത്ത് കസബ യിൽ പഠിക്കുന്നത്.

No comments