Breaking News

"പുതിയ തലമുറയ്ക്ക് വായന നഷ്ടപ്പെടുന്നോ..?" മലയോരംഫ്ലാഷ് 'എഴുത്തിടം' പരമ്പരയിൽ ഇന്ന് ആതിര പരപ്പ എഴുതിയ ലേഖനം വായിക്കാം


വെള്ളരിക്കുണ്ട്: പുതു തലമുറയുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും വിവിധ വിഷയങ്ങളിലുള്ള അവരുടെ കാഴ്ച്ചപ്പാടുകളെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി വെള്ളരിക്കുണ്ട് എൽ.സി.സി എജ്യുക്കേഷനുമായി സഹകരിച്ച് മലയോരംഫ്ലാഷ് ആരംഭിച്ച  വാരാന്ത്യ പംക്തിയായ 'എഴുത്തിടം' പരമ്പരയിൽ ഇന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആതിര.പി.പരപ്പ എഴുതിയ ലേഖനമാണ് പ്രസിദ്ധീകരിക്കുന്നത്. വായനയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളാണ് ആതിര ഈ ലേഖനത്തിലൂടെ പങ്ക് വെയ്ക്കുന്നത്.

ലേഖനത്തിൻ്റെ പൂർണ്ണരൂപം താഴെ വായിക്കാം.

"വായന അറിവിന്റെ ഉറവിടമാണ്. ഒരു മനുഷ്യനെ പൂർണ വ്യക്തിത്വത്തിലേക്ക് നയിക്കുന്നതിന് വായന വളരെ വലിയ പങ്കുവഹി ക്കുന്നു. സാങ്കേതിക വിദ്യയിൽ പിന്നിലായിരുന്ന മുൻതലമുറക്ക് അറിവ് നമ്മളെ അപേക്ഷിച്ച് കൂടുതലായിരുന്നു. അവർക്ക് ആ അറിവ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേവലം പുസ്തങ്ങളിൽ നിന്നും തന്നെയാണ്.

അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലോകപ്രശസ്തനായ ഡോ. എബ്രഹാം ലിങ്കൺ. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ തന്നെ ഒരുപാട് പുസ്തകങ്ങൾ വായിക്കണമെന്നും വായിച്ചു വളരണമെന്നുമുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, വീട്ടിലെ ദാരിദ്ര്യം മൂലം അദ്ദേഹത്തിന് പുസ്തകങ്ങൾ വായിക്കാനോ വാങ്ങിക്കാനോ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഒരു നാൾ ലിങ്കൺ ഒരു വ്യക്തിയിൽ നിന്നും ഒരു പുസ്തകം കടം വാങ്ങുകയാണ്. ഉടനടി വായിച്ചു തീർന്നെങ്കിലും അദ്ദേഹത്തിന് ആ പുസ്തകം തിരികെ നൽകാൻ സാധിച്ചില്ല. എന്തുകൊണ്ടെന്നാൽ മഴ നനഞ്ഞ ആ പുസ്തകം പുസ്തക ഉടമ തിരിച്ചെടുക്കില്ലെന്ന് ലിങ്കണ് അറിയാമായിരുന്നു. ഒടുവിൽ നിസ്സഹായനായ ലിങ്കൺ പുസ്തക ഉടമയുടെ വീട്ടിൽ വെട്ടാൻ വച്ച വിറകുകൾ വെട്ടി നൽകുകയാണ്. വർഷങ്ങൾക്കു ശേഷം ലിങ്കൺ അമേരിക്കൻ പ്രസിഡന്റായി മാറി. താളുകൾ മറിച്ചു നോക്കുമ്പോൾ വ്യക്തമാകുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വായനക്ക് എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്നതാണ്. 

എന്നാൽ, ഇന്നത്തെ തലമുറ വായനയെ പാടെ മറന്നിരിക്കുന്നു. നാം ഓരോരുത്തരും ആധുനിക കാലത്ത് ആധുനിക യന്ത്രങ്ങൾക്കു മുന്നിൽ തല കുമ്പിട്ടിരിക്കുമ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ചില വരികൾ ഓർമ വന്നേക്കാം,

"വായിച്ചാൽ വളരും വായിച്ചില്ലേലും വളരും.

വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും".

ഈ നാലു വരികളിൽ അദ്ദേഹം ഉൾക്കൊണ്ട വലിയ ആശയം നമ്മെ വായനയുടെ പ്രാധാന്യം വ്യക്തമാക്കി കാണിക്കുന്നു. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ എത്ര പുസ്തകം വായിച്ചു എന്നതിലല്ല, വായിച്ചതിൽ നിന്നും അദ്ദേഹം എന്തു നേടി എന്നത്തിലാണ് കാര്യം."ജീവിക്കുന്ന  ഒരു മനുഷ്യനെ വധിക്കുമ്പോൾ ചിന്തിക്കുന്ന ഒരു ജീവി തന്നെ നഷ്ടമാകുന്നു. എന്നാൽ, ഒരു പുസ്തകം നശിക്കുമ്പോൾ ചിന്ത തന്നെയാണ് നശിക്കുന്നത്" എന്ന് മിൽട്ടൻ പറഞ്ഞിട്ടുണ്ട്.

ഓരോ വ്യക്തിയുടെയും സ്വഭാവ രൂപവത്കരണത്തെ ഏറെ സഹായിക്കുന്നത് നല്ല വായനകളാണ്. ഉത്തമ ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതും വായന തന്നെ. അതുകൊണ്ട് തന്നെ ഭാവി തലമുറക്ക് വായന അനിവാര്യമാണ്. എന്തെന്നാൽ,ഒരു നല്ല പുസ്തകം ഒരു വ്യക്തിയെ നന്മയുടെ പാതയിലേക്ക് നയിക്കാൻ സഹായിക്കും. നമ്മൾ വായിക്കുന്ന പുസ്തകം പോലെയാണ് നമ്മുടെ ചിന്തകൾ. ചില പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളാണ് പിന്നീട് പ്രവർത്തികളായി മാറുന്നത്. ഇംഗ്ലീഷ് എഴുത്തുകാരനായ ഫ്രാൻസിസ് ബൈക്കിന്റെ അഭിപ്രായത്തിൽ "ചില പുസ്തകങ്ങൾ രുചിച്ചു നോക്കാനുള്ളതാണ്, ചിലത് അപ്പാടെ വിഴുങ്ങാനും,എന്നാൽ ചിലത് ചവച്ചരച്ച് ദഹിപ്പിക്കാനും". വായനയുടെ വ്യത്യസ്ത രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നമ്മുടെ ലക്ഷ്യം എന്താണോ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നത് വഴി ലക്ഷ്യത്തിനനുസരിച്ച് നീങ്ങാനും ലക്ഷ്യത്തെ അടുത്തറിയാനും സാധിക്കും.


ഒരു വ്യക്തിയുടെ ചിന്തകളാണ് പിന്നീട് പുസ്തകമായി മാറുന്നത്. നല്ല പുസ്തകങ്ങൾ വായിക്കുന്നത് വഴി ഓരോ മനുഷ്യന്റെയും മനസ്സിൽ നല്ല ചിന്തകൾ വന്നു തുടങ്ങും. നല്ല പുസ്തകങ്ങൾ വായിച്ച ഒരാൾ ഒരിക്കലും മോശം വഴികളിലേക്ക് സഞ്ചരിക്കില്ല. അറിവ് നൽകുന്ന മഹത്തായ പുസ്തകങ്ങൾ വായിക്കാത്തവരാണ് ക്രൂരമായ ചിന്തകളിലേക്കും വിഡ്ഢിത്തമായ പ്രവർത്തികളിലേക്കും നയിക്കപ്പെടുന്നത്. നമ്മുടെ സമൂഹത്തിൽ വായന എന്ന് കേട്ടാൽ തന്നെ മുഖം ചുളുക്കുന്നവരും ഉണ്ട്. അവർക്ക് വായനയുടെ പ്രാധാന്യം വ്യക്തമായി അറിയില്ല.എന്നാൽ,ഭാവി തലമുറ വായനയുടെ പ്രാധാന്യവും മഹത്വവും അറിഞ്ഞുവേണം വളരാൻ.

വ്യായാമം മനുഷ്യന്റെ ശരീരത്തിന് വേണ്ടി ഉള്ളതാണെങ്കിൽ, വായന മനുഷ്യന്റെ മനസ്സിന് വേണ്ടി ഉള്ളതാണ് "നമുക്ക് ഇന്ന് മുതൽ വായിച്ചു തുടങ്ങാം, വായന ഒരു ശീലമാക്കി മാറ്റാം"എഴുത്ത്: ആതിര.പി.പരപ്പ (LCC എജ്യുക്കേഷൻ വെള്ളരിക്കുണ്ട്)

No comments