Breaking News

മലയാള സിനിമ 2023; ഫസ്റ്റ് ഹാഫിൽ 'രോമാഞ്ചം' വന്നത് '2018' ൽ മാത്രം


2023 -ന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ തീർത്തും അവശനിലയിലാണ് മലയാളം ബോക്സ് ഓഫീസ്. സൂപ്പർ താരങ്ങളുടേതായും സൂപ്പർ ഹിറ്റ് സംവിധായകരുടേതായും നിരവധി സിനിമകൾ റിലീസ് ചെയ്തെങ്കിലും കരകയറിയത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ന്റെ ആദ്യപകുതിയിൽ 90ലധികം സിനിമകൾ റിലീസ് ചെയ്തു. എന്നാൽ തിയേറ്ററുകളിൽ ആളെ നിറച്ചത് രണ്ട് സിനിമകൾ മാത്രമാണ്. സാമ്പത്തിക ലാഭം ഉണ്ടാക്കിയതും പത്തിൽ താഴെ ചിത്രങ്ങൾ മാത്രം. ഒരു വ്യവസായം എന്ന നിലയിൽ 300 കോടിയോളം രൂപയാണ് ഈ വർഷം സിനിമ മേഖലയ്ക്കുണ്ടായിരിക്കുന്ന നഷ്ടം.

പാളിച്ചകളോടെയുള്ള തുടക്കം

ജനുവരി മാസത്തിന്റെ തുടക്കത്തിൽ ജിന്ന്, ന്നാലും എന്റളിയാ തുടങ്ങിയ താരസാന്നിധ്യം കുറഞ്ഞ സിനിമകളായിരുന്നു റിലീസ് ചെയ്തത്. ഈ സിനിമകളെല്ലാം പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ജനുവരി പകുതിയോടെയാണ് ഈ വർഷത്തെ ആദ്യ സൂപ്പർതാര ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ 'നൻപകൽ നേരത്ത് മയക്ക'മായിരുന്നു ആ ചിത്രം. കഴിഞ്ഞ വർഷം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ ആളുകൾ ഇടിച്ചു കയറുകയും അതിനെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുകയും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിലേക്ക് ആളെ കയറ്റാൻ സാധിച്ചില്ല. നൻപകലിനൊപ്പം ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം 'ആയിഷ'യുടെ ഗതിയും മറ്റൊന്നായിരുന്നില്ല. പിന്നാലെ മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ റിലീസുമെത്തി, അതും ഷാജി കൈലാസിന്റെ സംവിധാനത്തിൽ. എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച 'എലോൺ' പരാജയമാണ് നേരിട്ടത്. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തങ്കവും', മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ 'ക്രിസ്റ്റഫറു'മൊന്നും ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചില്ല.

പ്രേക്ഷകർക്ക് ആകെ ലഭിച്ച 'രോമാഞ്ചം'

തിയേറ്ററുകൾക്ക് യാതൊരു വിധ ഗുണവും ചെയ്യാതെയാണ് ജനുവരി മാസം അവസാനിച്ചത്. അതിന് മാറ്റം കൊണ്ടുവന്നത് ജിതു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ച'മാണ്. ഹൊറർ കോമഡി വിഭാഗത്തിലുള്ള സിനിമ കേരളത്തിൽ നിന്ന് മാത്രം 42 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. ആഗോള തലത്തിൽ 70 കോടിയ്ക്കടുത്ത് വാരിക്കൂട്ടി രോമാഞ്ചം ഈ വർഷത്തെ ആദ്യ തിയേറ്റർ വിജയമായി മാറി. എന്നാൽ രോമാഞ്ചത്തിന് ശേഷം വന്ന സിനിമകളൊന്നും തന്നെ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചില്ല. 

മലയാള സിനിമയ്ക്ക് 'വിഷു' കൈനീട്ടമില്ല

പൊതുവെ തിയേറ്ററുകൾക്ക് ചാകര എന്ന് പറയാൻ കഴിയുന്ന സമയമാണ് ഏപ്രിൽ-മെയ് മാസങ്ങൾ. വേനൽ അവധിയും ഈസ്റ്റർ, വിഷു, ബക്രീദ് എന്നീ ആഘോഷ ദിവസങ്ങളുമൊക്കെയായി കുട്ടികളും കുടുംബങ്ങളുമെല്ലാം ഒരുപോലെ തിയേറ്ററുകളിലെത്തുന്ന സമയം. എന്നാൽ ഈ വർഷം വിഷുവിന് പുറത്തിറങ്ങിയ ആറ്‌ ചിത്രങ്ങളിൽ ഒന്നുപോലും ബിഗ് സ്ക്രീനിൽ ശ്രദ്ധ നേടാതെ പോകുകയായിരുന്നു. പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന സിനിമകൾ ആ സീസണിൽ ഉണ്ടായില്ല എന്നതിനാലാണ് വിഷുക്കാലത്ത് തിയേറ്ററുകളിലേക്ക് ആളുകൾ വരുന്നതിന് മടിച്ചത് എന്ന് ഫിയോക് വൈസ് പ്രസിഡന്റ് സോണി തോമസ് ജോർജ് പറഞ്ഞു. 'കഴിഞ്ഞ വിഷു സമയത്തിനോട് അനുബന്ധിച്ചാണ് ബക്രീദ്-പെരുന്നാൾ ഉണ്ടായത്. ആ സമയം വലിയ സിനിമകൾ റിലീസ് ചെയ്തില്ല എന്നത് കൊണ്ട് അധികം പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയില്ല. കഴിഞ്ഞ വർഷവും ഇതുപോലെ വിഷുവും പെരുന്നാളും ഒരേസമയമായിരുന്നു എങ്കിലും കെജിഎഫ് പോലുള്ള വമ്പൻ സിനിമകൾ തിയേറ്ററുകളിൽ ആളെ നിറച്ചു. ആ ഒരു തിരക്ക് ഈ വർഷമുണ്ടായില്ല. അതിന് കാരണം, സൂപ്പർ താരനിരകളുടെയും സൂപ്പർ സംവിധായകരുടെയും സിനിമകൾ റിലീസ് ചെയ്തില്ല എന്നത് തന്നെയാണ്. ആ ധൈര്യം അവർ കാണിച്ചില്ല', സോണി തോമസ് ജോർജ് അഭിപ്രായപ്പെട്ടു. 

'2018'ൽ അവസാനിച്ച വിജയം

മെയ് ആദ്യവാരത്തോടെ ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ മൾട്ടി സ്റ്റാർ ചിത്രമായ '2018' റിലീസ് ചെയ്തു. 2018-ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ 175 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതി നേടുകയും ചെയ്തു. എന്നാൽ '2018'ന് ശേഷം ഇതുവരെ മലയാളത്തിൽ വീണ്ടുമൊരു തിയേറ്റർ വിജയമുണ്ടായില്ല. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഓ ബേബി' ഏറെ നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും അത്തരം സിനിമകൾക്ക് പോലും പ്രേക്ഷകനെ തിയേറ്ററിലെത്തിക്കാൻ സാധിക്കുന്നില്ല. 

ഈ പ്രതിസന്ധിയുടെ കാരണമെന്ത്? 

ഇന്ന് മലയാള സിനിമ നേരിടുന്ന ഈ പ്രതിസന്ധിയ്ക്ക് കൊവിഡ് മഹാമാരി ഒരു വലിയ കാരണമാണ്. കൊവിഡിന് ശേഷം പ്രേക്ഷകർക്കും സിനിമാക്കാർക്കുമിടയിൽ പല ട്രെൻഡുകളും രൂപപ്പെട്ടു. കൊവിഡ് കാലത്ത് ഒരു വർഷത്തിലധികം കേരളത്തിലെ തിയേറ്ററുകൾ അടഞ്ഞു കിടന്ന അവസ്ഥയുണ്ടായി. ഈ സമയത്ത് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായിത്തുടങ്ങി. ഇതോടെ പുത്തൻ വാണിജ്യ സാധ്യതകൾ മനസ്സിലാക്കിയ പല സിനിമാപ്രവർത്തകരും ഒടിടി പ്ലാറ്റ്ഫോമുകൾക്കായി സിനിമകൾ ഒരുക്കി. ഒടുവിൽ നിലവാര തകർച്ച മൂലം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഈ സിനിമകളെ സ്വീകരിക്കാത്ത അവസ്ഥയിലേക്കുമെത്തി. ഇതോടെ ഇത്തരം സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്നും അകറ്റുന്നതിന് ഒരു കാരണമായി തീരുകയും ചെയ്തുവെന്ന് സോണി തോമസ് ജോർജ് അഭിപ്രായപ്പെടുന്നു. 

'ഒടിടി പ്ലാറ്റ്‌ഫോമുകളെ മാത്രം മുന്നിൽ കണ്ട് നിരവധി സിനിമകൾ ഒരുക്കുന്ന പ്രവണത മൂലമാണ് പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത്. അത്തരം സിനിമകൾക്ക് നിലവാരമില്ല എന്നതാണ് സത്യം. ഒടിടിക്കാർ കയ്യൊഴിഞ്ഞ സിനിമകൾ വീണ്ടും തിയേറ്റർ റിലീസിനെത്തി. അതോടെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ നിന്നും അകന്നത്', സോണി പറഞ്ഞു. 

പ്രേക്ഷകരുടെ കാഴ്ചപ്പാടുകളിലെ മാറ്റവും പ്രതിസന്ധിക്ക് കാരണമാണ്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് തിയേറ്ററിൽ സിനിമ കാണുന്നതിനുള്ള ചെലവ് മിനിമം 1000 രൂപയാണ്. അതിനാൽ ഒടിടിയെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ഇന്ന് പലരും വൻകിട സിനിമകൾ മാത്രം തിയേറ്ററിൽ നിന്ന് കാണാം, മറ്റ് സിനിമകൾ ഒടിടിയിൽ നിന്ന് കാണാമല്ലോ എന്ന ചിന്തയിലാണ്. തിയേറ്റർ എക്സ്പീരിയൻസ് എന്ന ട്രെൻഡും ഇന്ന് പ്രേക്ഷകർക്കിടയിലുണ്ടെന്ന് തിയേറ്ററുടമകൾ അഭിപ്രായപ്പെടുന്നു. 

'അതിവേഗം സിനിമകൾ വീട്ടിലിരുന്ന് കാണാമല്ലോ എന്ന് പലരും ചിന്തിക്കാൻ തുടങ്ങി. അതുപോലെ തിയേറ്റർ എക്സ്പീരിയൻസ് എന്ന പേരിൽ സിനിമകളെക്കുറിച്ച് ഒരു താരതമ്യം പ്രേക്ഷകർക്കിടയിൽ വന്നിട്ടുണ്ട്. അത് കൊവിഡിന് ശേഷം വന്ന ഒരു സംഭവമാണ്. കൊവിഡിന് മുൻപ് മികച്ച കളക്ഷൻ നേടിയ പല സിനിമകളും ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ അത്രത്തോളം വിജയം നേടുമോ എന്നതിൽ സംശയമാണ്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയൊക്കെ കൊവിഡിന് ശേഷമാണ് റിലീസ് ചെയ്തതെങ്കിൽ അത്രത്തോളം കളക്ഷൻ നേടുമോ എന്നത് സംശയമാണ്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയുടെ കാര്യം നോക്കിയാൽ ആ ചിത്രം വളരെ മനോഹരമാണ്. എന്നാൽ ആ സിനിമയ്ക്ക് അർഹിച്ച കളക്ഷൻ കിട്ടിയില്ല. കൊവിഡിന് മുൻപായിരുന്നുവെങ്കിൽ അതല്ല ആ തിയേറ്ററുകളിൽ നിന്ന് ആ സിനിമയ്ക്ക് ലഭിക്കേണ്ട കളക്ഷൻ', ഫിയോക് വൈസ് പ്രസിഡന്റ് പറഞ്ഞു. 

സിനിമകളുടെ കുത്തൊഴുക്കും ഈ പ്രതിസന്ധിക്ക് ഒരു കാരണമാണ്. ഒരുദിവസം തന്നെ ഒമ്പത് സിനിമകൾ റിലീസ് ചെയ്ത സംഭവം പോലും ഈ വർഷമുണ്ടായി. ഇത്തരം കുത്തൊഴുക്കിൽ നല്ല സിനിമകളും മുങ്ങി പോകുന്നുവെന്ന അഭിപ്രായം പലർക്കുമുണ്ട്. മോശം മാർക്കറ്റിംഗും പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്ന് അകറ്റുന്നതിൽ ഒരു കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു. ഒരേദിവസം കൂട്ടറിലീസുകളുണ്ടാകുമ്പോൾ തങ്ങളുടെ സിനിമകൾ പ്രേക്ഷക ശ്രദ്ധയിലെത്തിക്കേണ്ടത് സിനിമാപ്രവർത്തകരുടെയും ഉത്തരവാദിത്തമായി മാറുകയാണ്.

ഭാവി പ്രതീക്ഷകൾ

മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയ മുൻനിര താരങ്ങളുടെ സിനിമകൾ ഒരേസമയം പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും പ്രതീക്ഷ നൽകുന്നുണ്ട്. മോഹൻലാലിന്റെ 'റാം', 'ബറോസ്' എന്നീ സിനിമകൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കൊപ്പം താരം ആദ്യമായി കൈ കൊടുക്കുന്ന 'മലൈക്കോട്ടൈ വാലിബനി'ലും പ്രതീക്ഷ ഏറെയാണ്. ദുൽഖറിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം 'കിംഗ് ഓഫ് കൊത്ത'യാണ്. നടന്റെ 'നെവർ ബിഫോർ' കഥാപാത്രവും 'മാസ്' എന്ന് വിശേഷിപ്പിക്കാനാകുന്ന സിനിമയുമാണ് കിംഗ് ഓഫ് കൊത്ത എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ടൊവിനോ തോമസ് നായകനാകുന്ന 'എ ആർ എം' (അജയന്റെ രണ്ടാം മോഷണം) എന്ന സിനിമയും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

No comments