സീതാംഗോളി കൊലപാതകം ; പ്രതികളെ സമർത്ഥമായി വലയിലാക്കി പോലീസ്.
കാസറഗോഡ് : സീതാംഗോളിയിലെ ബോർവെൽ ഏജന്റ് തോമസ് ക്രാസ്റ്റ (63) യെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ 2 പ്രതികൾ പിടിയിൽ. കർണാടക സ്വദേശികളും കഴിഞ്ഞ 17 വർഷമായി തോമസ് ക്രാസ്റ്റയുടെ അയൽവാസികളുമായ മുനീർ (41), ഭാര്യ സഹോദരൻ അഷ്‌റഫ് (38) എന്നിവരെയാണ് കർണാടകയിൽ നിന്നും കാസറഗോഡ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്.
29 വർഷമായി ഭാര്യയും മക്കളുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു തോമസ് ക്രാസ്റ്റ. നാട്ടിൽ ആരുമായും അടുത്ത് ഇടപഴക്കാത്ത ഇയാൾ സാമ്പത്തികമായി നല്ല നിലയിലായിരുന്നു. ഇക്കാര്യങ്ങൾ അറിയാവുന്ന മുനീറും അശ്‌റഫും ചേർന്ന് കഴിഞ്ഞ ജൂൺ 28 ന് തോമസ് ക്രാസ്‌റ്റയെ വീട്ടിലേക്ക് വിളിച്ചു വരുത്തി, ഇരുമ്പ് ദണ്ടുകൊണ്ട് തലയ്ക്കടിച്ചും ശേഷം ചെത്തുകല്ല് തലയിലിട്ടുമാണ് കൊലപാതകം നടത്തിയത്. പിന്നീട് വീട്ടിലെ ജനൽ കർട്ടൻ ഉപയോഗിച്ച് മൃതദേഹം വരിഞ്ഞുകെട്ടി സൂക്ഷിക്കുകയും വൈകിട്ടോടെ ക്രാസ്റ്റയുടെ വീടിനടുത്തുള്ള ഷെഡ്‌ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറ്റി മൃതദേഹം അതിൽ തള്ളുകയുമാണ് ചെയ്തത്. ക്രാസ്റ്റയുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും ശേഷം കർണാടകയിലേക്ക് കടക്കുകയും ചെയ്തു. ജൂൺ 29 മുതൽ ക്രാസ്‌റ്റയെ കാണാത്തതിനാൽ നാട്ടുകാർ അന്വേഷിക്കുകയും രണ്ട് ദിവസത്തിനു ശേഷം ജൂലൈ ഒന്നിന് കക്കൂസ് ടാങ്കിൽ നിന്നും ഈച്ചയാർക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ടാങ്കിന്റെ സ്ലാബ് മാറ്റി നോക്കിയപ്പോൾ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അയൽവാസികളായ മുനീറും അഷ്റഫും രണ്ടുദിവസമായി സ്ഥലത്തില്ല എന്നതും, വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകാത്തതും പോലീസിന്റെ സംശയം ബലപ്പെടുത്തി. വരിഞ്ഞു കെട്ടാൻ ഉപയോഗിച്ച തുണിയുടെ കഷ്ണം പ്രതി മുനീറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെ കേസിൽ നിർണായക തെളിവായി.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ മേൽനോട്ടത്തിൽ കാസർഗോഡ് ഡിവൈഎസ്പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. വിദ്യാനഗർ ഇൻസ്പെക്ടർ പി പ്രമോദിനായിരുന്നു അന്വേഷണ ചുമതല. ബദിയടുക്ക SI വിനോദ് കുമാർ, SI മാരായ കെ.ലക്ഷ്മി നാരായണൻ, ഫിറോസ് പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ശശികുമാർ, മനു മണിയറ, ശിവകുമാർ, നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, റോജൻ എന്നിവരടങ്ങിയ 12 അംഗ പ്രത്യേക സംഘം രൂപീകരിക്കുകയും അന്വേഷണം കർണാടകയിലേക്ക് വ്യാപ്പിപ്പിക്കുകയും ചെയ്തു. കാസറഗോഡ് സൈബർ സെല്ലിന്റെ സഹായവും ലഭിച്ചതോടെ സമർത്ഥമായ നീക്കങ്ങളിലൂടെ പ്രതികളെ കർണാടകയിൽ നിന്നും പിടികൂടുകയായിരുന്നു. ക്രാസ്റ്റയുടെ സ്വർണ്ണാഭരണങ്ങൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്താനായി.
No comments