Breaking News

തക്കാളി വിലയോർത്ത് ടെൻഷൻ അടിക്കേണ്ട .... കാസർകോട്‌ സംസ്ഥാന വിത്തുൽപാദനകേന്ദ്രത്തിൽ തക്കാളി തൈകൾ റെഡി



കാസർകോട്‌ : ‘പാവങ്ങളുടെ ആപ്പിൾ’ എന്നാണ്‌ വിളിപ്പേര്‌. എന്നാൽ പണക്കാർക്കാർക്കുപോലും തൊടാനാകാത്ത രീതിയിൽ തക്കാളി വിലവർധിക്കുമ്പോൾ സ്വന്തം തൊടിയിൽ തൈ നട്ടുവളർത്താൻ പ്രേരിപ്പിക്കുകയാണ്‌ കാസർകോട്‌ സംസ്ഥാന വിത്തുൽപാദനകേന്ദ്രം. ഇവിടുത്തെ തക്കാളി തൈ വാങ്ങിനട്ടാൽ നിങ്ങൾക്ക്‌ കൈ പൊള്ളില്ല. വാണിജ്യാടിസ്ഥാനത്തിൽ വളർത്തുകയാണെങ്കിൽ നല്ലവരുമാനവും ലഭിക്കും.
നട്ടാൽ 45 ദിവസം കൊണ്ട്‌ വിളവുതരുന്ന തൈയാണ്‌ ജില്ലാ പഞ്ചായത്തിനുകീഴിലുള്ള കറന്തക്കാട്ടെ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്നത്‌.ഹെെബ്രിഡ്‌ തക്കാളിയായ ‘ലക്ഷ്‌മി’ എന്ന ഇനത്തിൽപ്പെട്ട 60,000 തെയാണ്‌ ഇത്തവണ ഉൽപാദിപ്പിച്ചത്‌. ഒപ്പം മുളക്‌, വഴുതന, വെണ്ട, പയർറുമുൾപ്പെടെ അഞ്ചുലക്ഷം പച്ചക്കറി തൈകൾ കൃഷിഭവനുകൾ മുഖേന വിതരണത്തിന്‌ തയ്യാറായി വരുന്നു.
വിളവെടുത്താൽ ഒരെണ്ണത്തിന്‌ 80 ഗ്രാംവരെ ഭാരമുള്ള ഇനമാണ്‌ ലക്ഷ്മി. ഒരുതൈയിൽനിന്ന് ഒരുവർഷം വിളവെടുക്കാം. കേരളത്തിലെ കാലാവസ്ഥക്ക്‌ അനുയോജ്യമായതും രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഇനമാണ്. ആകർഷണീയമായ ദീർഘ ഗോളാകൃതി കാരണം വിപണിയിൽ മൂല്യം കൂടുതലാണ്‌. കാസർകോട്‌ നഗരമധ്യത്തിലെ 25 ഏക്കർ ഫാമിലെ നഴ്‌സറിയിൽ 24 തൊഴിലാളികളും നാലു ജീവനക്കാരും വിത്തുൽപാദനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
അടുക്കളത്തോട്ടത്തിന്‌ അനുയോജ്യം
അടുക്കളത്തോട്ടത്തിലെ കൃഷിക്ക് വളരെ അനുയോജ്യമാണ്‌ ഇവിടുത്തെ തൈകൾ. 15–25 ദിവസം പ്രായമായ തൈകൾ പറിച്ചുനട്ടാണു കൃഷി ചെയ്യേണ്ടത്. കേരളത്തിൽ തക്കാളി വ്യാപകമാകാതിരിക്കാനുള്ള പ്രധാന കാരണം ഇതിനെ ബാധിക്കുന്ന ബാക്ടീരിയൽ വാട്ടമാണ്. നിയന്ത്രിക്കാൻ കുമ്മായം ഉപയോഗിക്കണം. ചെടിച്ചട്ടികൾ, ചാക്കുകൾ, പ്ലാസ്റ്റിക് ബക്കറ്റുകൾ ഇവയിലെല്ലാം തൈകൾ നടാം. കൃഷിക്ക് യോജിച്ച സമയം സെപ്‌തംബർ, ഒക്ടോബർ മാസമാണ്‌.

No comments