ചട്ടഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി
ചട്ടഞ്ചാൽ : ചട്ടഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി. പ്ലസ് ടു വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി കോളിയടുക്കത്തെ ഹാഷിറിനെ ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ ഉച്ചക്ക് സ്കൂൾ വിട്ട സമയത്ത് സ്കൂൾ ഗേറ്റിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച സുഹൃത്ത് മുഹമ്മദ് ഷാദിനെയും മർദിച്ചു. ഹാഷിറിന്റെ വലതു കൈ എല്ലിന് പൊട്ടലുണ്ട്.
ഫുട്ബോൾ താരമായ ഹാഷിർ നേരത്തെ ജില്ലാ ജൂനിയർ ടീം ഗോൾ കീപ്പറായിരുന്നു. കൈക്ക് പൊട്ടലുള്ളതിനാൽ ഞായറാഴ്ച നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ്.
12 പേർക്കെതിരെ കേസെടുത്തു
ഹാഷിറിന്റെ പരാതിയിൽ ഏഴ് പ്ലസ് ടു വിദ്യാർഥികൾക്കടക്കം കണ്ടാലറിയാവുന്ന 12 വിദ്യാർഥികൾക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച പിടിഎ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കാമ്പസിന് പുറത്തുള്ള സംഭവത്തിൽ കൃത്യമായ റിപ്പോർട്ട് നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
No comments