ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ആഗസ്ത് 31
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2023-24 ജൂണ്‍ / ജൂലൈ സെഷനിലെ വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുള്ള അഡ്മിഷന്‍ നടപടികള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള പഠന കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. അപേക്ഷ ആഗസ്ത് 31 വരെ ഓണ്‍ലൈന്‍ ആയി നല്‍കാം. ബി. കോം, എം.കോം അടക്കം 22 പ്രോഗ്രാമുകള്‍ക്കാണ് ഓപ്പണ്‍ സര്‍വകലാശാല 2023-2024 ജൂണ്‍ / ജൂലൈ സെഷനില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി.കോമിനും, എം.കോമിനും 2 ഇലെക്റ്റീവുകള്‍ വീതം ബി.കോമിന് കോ ഓപ്പറേഷന്‍ (സഹകരണം), ഫിനാന്‍സ് എന്നീ ഇലക്ടീവ് എടുക്കാന്‍ പഠിതാക്കള്‍ക്ക് അവസരം ഉണ്ട്. എംകോമിന് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് എന്നീ ഇലക്ടീവുകള്‍ ലഭ്യമാണ്. കൂടാതെ ബി.ബി.എ, ബി.എ പ്രോഗ്രാമുകളായ ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്‌കൃതം, സോഷ്യോളോജി, ഫിലോസഫി (ശ്രീനാരായണഗുരു സ്റ്റുഡിസില്‍ അധിഷ്ഠിതം), ഇക്കോണോമിക്‌സ്, ഹിസ്റ്ററി, അഫ്‌സല്‍ ഉല്‍ ഉലമയും, എം.എ പ്രോഗ്രാമുകളായ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി എന്നീ പ്രോഗ്രാമുകള്‍ക്കും സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അതോടൊപ്പം തന്നെ ഓപ്പണ്‍ സര്‍വകലാശാലയുടെ മറ്റൊരു പാഠ്യപദ്ധതിയില്‍ കൂടി ചേരാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. യു.ജി.സിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്. അപേക്ഷകര്‍ www.sgou.ac.in / erp.sgou.ac.in എന്ന വെബ്‌സൈറ്റിലെ applyfor admission എന്ന ലിങ്കില്‍ കൊടുത്തിട്ടുള്ള നിര്‍ദേശാനുസരണം അപേക്ഷിക്കണം. ഓണ്‍ലൈന്‍ ആയി മാത്രമേ ഫീസ് അടക്കാന്‍ കഴിയൂ. അപേക്ഷ നല്‍കി കഴിഞ്ഞ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
കേരളത്തിലെ എല്ലാ ജില്ലകളിലും അഡ്മിഷന്‍ കേന്ദ്രങ്ങള്‍ സര്‍വകലാശാല സജ്ജമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അപേക്ഷകര്‍ തിരഞ്ഞെടുക്കുന്ന അഡ്മിഷന്‍ കേന്ദ്രത്തില്‍ പോകാം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതിയും സ്വയം തിരഞ്ഞെടുക്കുവാനുള്ള സൗകര്യം പോര്‍ട്ടലില്‍ ഉണ്ട്. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് രസീത്, ആധാര്‍ / മറ്റു ഐ.ഡിയുടെ അസ്സലും പകര്‍പ്പും, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയാണ് പരിശോധനയ്ക്കായി കരുതേണ്ടത്. 50 വയസ്സിന് മുകളിലുള്ളവര്‍ക്കും, ഒരേ സമയം രണ്ട് ബിരുദം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിസി നിര്‍ബന്ധമല്ല. അഡ്മിഷന്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ റീജിയണല്‍ ഡയറക്ടര്‍ ഒപ്പിട്ട അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ബിരുദ പഠനത്തിന് ആറ് സെമസ്റ്ററും (3 വര്‍ഷം) ബിരുദാനന്തര പഠനത്തിന് നാല് സെമസ്റ്ററും (2 വര്‍ഷം) ആണ് ഉള്ളത്. പ്രവേശനയോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധനയില്ല. സര്‍വ്വകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങളും അവക്ക് കീഴില്‍ 20 ലേണിംഗ് സപ്പോര്‍ട്ട് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്നില്‍ കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ നിലവില്‍ ഉണ്ട്. പ്രാദേശിക കേന്ദ്രങ്ങളും അവയുടെ കീഴില്‍ വരുന്ന ലേണിംഗ് സപ്പോര്‍ട്ട് സെന്ററുകളുടെയും വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റിലുള്ള പ്രോസ്പെക്ടസില്‍ കോഴ്‌സുകളുടെ തരംതിരിച്ച ഫീസ് ഘടന അറിയാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. info@sgou.ac.in / helpdesk@sgou.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താം. അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 9188909901, 9188909902 എന്നീ മൊബൈല്‍ നമ്പറുകളിലും, അഡ്മിഷന്‍ സംബന്ധമായ സാങ്കേതിക സഹായത്തിന് 9188909903 എന്ന നമ്പരിലും സേവനം ലഭിക്കും.
No comments