Breaking News

പൊതുമരാമത്ത് വകുപ്പ് പെരിയയിൽ നിർമിച്ച ഗവ. റെസ്റ്റ് ഹൗസ് ഉദ്ഘാടനം ഇന്ന്


പെരിയ : പൊതുമരാമത്ത് വകുപ്പ് പെരിയയിൽ നിർമിച്ച റെസ്റ്റ്ഹൗസ് വെള്ളി പകൽ 11 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നവീകരിച്ച പെരിയ ഒടയംചാൽ റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പെരിയ ബസ്സ്റ്റോപ്പിൽനിന്ന് 300 മീറ്റർ അകലെ സിഎച്ച്സിയോടു ചേർന്നാണ് വിശ്രമ മന്ദിരം. ഇവിടെ ബ്രിട്ടിഷ് ബംഗ്ലാവ് ഉണ്ടായിരുന്ന സ്ഥലത്ത് റോഡിന് ഇരുവശവുമായി പൊതുമരാമത്ത് വകുപ്പിന്റെ 1.8 ഏക്കർ സ്ഥലത്താണ് റെസ്റ്റ് ഹൗസ് നിർമിച്ചത്.
കെ കുഞ്ഞിരാമൻ ഉദുമ എംഎൽഎ ആയിരിക്കെ 2019 ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 2021 ജനുവരി 9ന് മന്ത്രി ജി സുധാകരൻ തറക്കല്ലിട്ടു. 1.55 കോടിരൂപയാണ് നിർമാണച്ചെലവ്. 8,500 ചതുരശ്ര അടി വിസ്തൃതിയുള്ള ഇരുനില കെട്ടിടത്തിൽ രണ്ട്‌ വിഐപി മുറികൾ, ഒമ്പത്‌ കിടപ്പു മുറികൾ, ജീവനക്കാർക്കായി ഒരുമുറി, അടുക്കള, ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാൾ തുടങ്ങിയവയുണ്ട്. ബേക്കലിലെത്തുന്ന വിനോദസഞ്ചാരികൾക്ക്‌ ഏറെ ഉപകാരപ്രദമാണ്‌ പെരിയയിലെ സർക്കാർ വിശ്രമ മന്ദിരം.



No comments