റാണിപുരം കയറാൻ സമയം നീട്ടണം.. സഞ്ചാരികളെ വനം വകുപ്പിന്റെ സമയ നിയന്ത്രണം കാരണം പാതിവഴിയിൽ തിരിച്ചയക്കുന്നതാണ് പതിവ്
രാജപുരം : റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിൽ എത്തുന്നവർക്ക് മാനിപ്പുറംമല കയറാനുള്ള സമയം നീട്ടണമെന്ന് ആവശ്യം. പച്ചപ്പുൽമേടുകളാൽ സൗന്ദര്യം വിതറിയ മാനിപ്പുറം കാണാനും കോടമഞ്ഞ് ആസ്വദിക്കാനും എത്തുന്ന സഞ്ചാരികളെ വനം വകുപ്പിന്റെ സമയ നിയന്ത്രണം കാരണം പാതിവഴിയിൽ തിരിച്ചയക്കുന്നതാണ് പതിവ്.
റാണിപുരം അടിതട്ടിൽ നിന്നും വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാനിപ്പുറംമല കയറുന്നതിന് രാവിലെ എട്ടു മുതൽ പകൽ മൂന്നുവരെയാണ് സമയം. അതിന് മുമ്പും ശേഷവും വനത്തിലൂടെ പ്രവേശനമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്നും 50 രൂപയുടെ ടിക്കറ്റ് എടുത്തതിന് ശേഷമാണ് വനത്തിലൂടെയുള്ള യാത്ര അനുവദിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവരും സമയ ക്രമീകരണം അറിയാത്തവരുമായ സഞ്ചാരികൾക്ക് മല കയറാൻ കഴിയാതെ പലപ്പോഴും തിരകെ പോകേണ്ട സ്ഥിതിയാണ്. സമയക്രമീകരണത്തിൽ മാറ്റം വരുത്തി രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെ മലകയറുന്നതിന് അനുവദിച്ചാൽ സഞ്ചാരികൾക്കും സൗകര്യമാകും.
നിത്യവും നൂറുകണത്തിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മിനിറ്റുകൾക്കിടയിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് പകൽ മൂന്നിന് ശേഷവും രാവിലെ എട്ടിന് മുമ്പും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമെന്നാണ് വനം വകുപ്പ് പറയുന്നത്.
സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആനയും മറ്റു മൃഗങ്ങളും വഴിയിൽ ഇല്ലെന്ന് ദിവസവും വാച്ചർമാർ ഉറപ്പുവരുത്തിയതിന് ശേഷമാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതോടെയാണ് സമയമാറ്റം എന്ന ആവശ്യം ഉയർന്നത്.
No comments