Breaking News

മലയോരത്ത് കോവിഡ് രോഗികള്‍ കൂടി; വ്യാഴാഴ്ച മുതല്‍ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ പരിധിയില്‍ വാഹന ഗതാഗത്തിന് നിയന്ത്രണം; ഒറ്റ, ഇരട്ട നമ്പര്‍ തിരിച്ചുള്ള സര്‍വ്വീസ് നടത്താം; ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കും, ലോക് ഡൗണിനും സാധ്യത

വെള്ളരിക്കുണ്ട്: മലയോര മേഖലയില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വ്യാഴാഴ്ചമുതല്‍ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ പരിധിയില്‍ വാഹന ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാഹന രജിസ്ട്രേഷന്‍ നമ്പറിന്റെ അവസാനംഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ഓട്ടോ റിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വ്യഴാഴ്ചയും അവസാനം ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ വെള്ളിയാഴ്ചയും നിരത്തിലിറങ്ങാന്‍ പാടുള്ളുവെന്നും അല്ലാത്ത പക്ഷം പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേംസദന്‍ അറിയിച്ചു.

വെള്ളരിക്കുണ്ട് സര്‍ക്കിള്‍ പരിധിയായ വെള്ളരിക്കുണ്ട്, ബളാല്‍, പരപ്പ, മാലോം, പുങ്ങംചാല്‍, കൊന്നക്കാട് എന്നീ സ്ഥലങ്ങളിലാണ് പോലീസ് വാഹന നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. കള്ളാര്‍ പഞ്ചായത്തിലെ പൂടം കല്ലിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതു പോലെ വെള്ളരിക്കുണ്ടിലും ടാക്‌സി ഡ്രൈവര്‍ മാര്‍ക്ക് കോവിഡ് 19ന് സാധ്യത ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.




കഴിഞ്ഞ ദിവസങ്ങളില്‍ ബളാല്‍ പഞ്ചായത്തില്‍ സ്ഥിരീകരിച്ച കോവിഡ് രോഗിയുമായി വെള്ളരിക്കുണ്ട്, ബളാല്‍ ഭാഗങ്ങളിലെ ചില ഓട്ടോ ഡ്രൈവര്‍ മാര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നത് തടയാനാണ് ടാക്‌സി വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജങ്ങള്‍ ആരും തന്നെ അനാവശ്യമായി പുറത്തിറങ്ങരുത്. വ്യാപാരികളോട് അവശ്യ സാധങ്ങൾ ആവശ്യ ക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകാൻ അവശ്യ പ്പെട്ടിട്ടുണ്ടെന്നും ചെറിയ ചെറിയ സാധനങ്ങൾ വാങ്ങുവാൻ ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത് ഒഴിവാക്കണമെന്നും വെള്ളരിക്കുണ്ട് സി. ഐ. അറിയിച്ചു.

മലയോര പഞ്ചായത്തുകളായ കള്ളാര്‍, ബളാല്‍, ഈസ്‌റ് എളേരി, പനത്തടി എന്നിവിടങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സഹചര്യത്തില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍വരെ ഏര്‍പ്പെടുത്തുവാന്‍ ആലോചനയുണ്ട് എന്നും ഇക്കാര്യത്തില്‍ ജില്ലാ ഭരണാധികാരികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എന്നും വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേംസദന്‍ പറഞ്ഞു.