Breaking News

ഇനി കാഞ്ഞങ്ങാട്‌ നഗരത്തിലും 20 രൂപയ്ക്ക്‌ വിഭവസമൃദ്ധമായ ഉച്ചയൂൺ



കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാടിനെ വിശപ്പ് രഹിത നഗരമാക്കാനായി പ്രവര്‍ത്തനം ആരംഭിച്ച രണ്ട് ജനകീയ ഹോട്ടലുകള്‍ റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഗ്രാമ നഗരങ്ങളില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.


കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന ഹോട്ടലുകള്‍ മികച്ച രീതിയില്‍ ജില്ലയില്‍ നടക്കുന്നുണ്ടെന്നും തുടര്‍ നടപടിയായി ടെണ്ടര്‍ വിളിച്ച് ഹോട്ടല്‍ പ്രവര്‍ത്തനം അനുയോജ്യരെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 2016-17 വര്‍ഷത്തെ എം.പി ഫണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടത്തിലും പഴയ ബസ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.


മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ജനകീയ ഹോട്ടലില്‍ ആദ്യ ഉച്ച ഭക്ഷണം കഴിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു കാഞ്ഞങ്ങാടിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരത്തില്‍ പത്ത് ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുകയെന്നും അതില്‍ അഞ്ചെണ്ണത്തിന്റെ പ്രവര്‍ത്തി നടന്നുവരികയാണെന്നും രണ്ടെണ്ണത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

No comments