Breaking News

കാഞ്ഞങ്ങാട് നിയോജമണ്ഡലത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നും 76 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നു


                                            
മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പരിധിയിൽ പുതുതായി 76 മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള ഭരണാനുമതിയായി. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും. നേരത്തേ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പുറമെയാണ് ആവശ്യമായ സ്ഥലങ്ങളിൽ പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കുന്നത്. ബളാൽ പഞ്ചായത്തിലെ ഇടത്തോട്, കനകപ്പള്ളി, കല്ലഞ്ചിറ, വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ്, വെള്ളരിക്കുണ്ട് പുതിയ മിനിസിവിൽ സ്റ്റേഷൻ ജംഗ്ഷൻ, വള്ളിക്കടവ് എന്നീ സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോം ബസാർ, നരിമാളം, കൊല്ലമ്പാറ, തലയടുക്കം, കരിന്തളം, കോയിത്തട്ട, നെല്ലിയടുക്കം, കാട്ടിപ്പൊയിൽ ആയുർവേദ ആശുപത്രി ജംഗ്ഷൻ, ബിരിക്കുളം, കോളംകുളം, താഴെപരപ്പ എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക.
ഒൻപത് മീറ്റർ നീളമുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന നിർമ്മാണ ചുമതല സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്ന സ്ഥാപനത്തിനാണ്.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റേയും, പുതുതായി സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റിൻ്റെയും പരിപാലന ചുമതല അതാത് പഞ്ചായത്ത് അധികൃതർക്കാണ്. 3 വർഷം വരെ കമ്പനി ഗ്യാരണ്ടിയിൽ അറ്റകുറ്റപണി ചെയ്ത് നൽകും അതിന് ശേഷമുള്ള പരിപാലന ചുമതല അതാത് പഞ്ചായത്തിനാണെന്ന് എം.എൽ.എ ഓഫീസിൽ നിന്നും അറിയിച്ചു.
വോൾട്ടേജ് വ്യത്യാസങ്ങളും ഇടിമിന്നലും മൂലം ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് അവ നന്നാക്കി നൽകുന്നുണ്ടെന്നും ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണ ചുമതല വഹിച്ച കെ.എസ്.ഐ.ഇ ഉദ്യോഗസ്ഥർ പറഞ്ഞു. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേടുപാട് സംഭവിച്ച ഒടയംചാൽ, പരപ്പ, പൂടംകല്ല്, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിലെ ലൈറ്റുകൾ പുന:സ്ഥാപിച്ചതായും കമ്പനി അധികൃതർ പറഞ്ഞു


No comments