അടയ്ക്കാ കർഷകർക്കിത് സുവർണ്ണകാലം . അടക്കവില 400 കടന്ന് സർവ്വകാല റെക്കോഡിലേക്ക്..
അടക്കവില സർവകാല റെക്കോഡിലേയ്ക്ക്.
രണ്ടാഴ്ചമുമ്പ് കിലോഗ്രാമിന് 295 രൂപയുണ്ടായിരുന്ന കൊട്ടടക്കയ്ക്ക് ഇപ്പോൾ 380 മുതൽ 400 രൂപ വരെയാണ് വില. വില കുത്തനെ ഉയരുമ്പോഴും അടയ്ക്കവരവ് വളരെ കുറവാണെന്ന് മലഞ്ചരക്കു വ്യാപാരികൾ പറയുന്നു.
കഴിഞ്ഞവർഷം ശേഖരിച്ച് ഉണക്കിസൂക്ഷിച്ച അടയ്ക്കയാണ് കർഷകർ ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. നവംബർ, ഡിസംബർ മാസത്തോടെ പുതിയ അടയ്ക്ക വിപണിയിൽ എത്തിത്തുടങ്ങും. അപ്പോഴേക്കും വില കുറഞ്ഞുതുടങ്ങുമെന്ന് വ്യാപാരികൾ സൂചന നൽകുന്നു. കഴിഞ്ഞവർഷം അടയ്ക്കയുത്‌പാദനം കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. അതിനാൽ, വിലയുയർന്നതിന്റെ പ്രയോജനം കർഷകർക്ക് കൂടുതലായി ലഭിക്കുന്നില്ല. മാത്രമല്ല, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക പ്രയാസമനുഭവിച്ചവരെല്ലാം കൈയിലുള്ള അടയ്ക്ക നേരത്തേതന്നെ വിറ്റ് കാശാക്കുകയുംചെയ്തു. ആറുമാസംമുമ്പുവരെ 260-275 കണക്കിലായിരുന്നു അടയ്ക്ക വില. ഇതാണ് ഈ മാസം 400ൽ എത്തിയത്. കവുങ്ങിൽക്കയറി അടയ്ക്ക ശേഖരിക്കാൻ കയറ്റക്കാരെ കിട്ടാത്തതും വളക്കുറവുമൂലമുള്ള പ്രശ്നങ്ങളും കവുങ്ങിന് വരുന്ന പലവിധരോഗങ്ങളുമാണ് കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ.
മഹാളി, ഇലമഞ്ഞളിപ്പ്, കൂമ്പുചീയൽ, കായ് ചീയൽ, ചുവടുചീയൽ, ചെന്നീരൊലിപ്പ്, പൂങ്കുലയുണങ്ങൽ എന്നിവ കവുങ്ങുകൃഷിക്ക് വെല്ലുവിളിയാവുന്നു. വെറ്റിലമുറുക്ക്, പാക്ക് എന്നിവയ്ക്കാണ് കൊട്ടടയ്ക്ക കൂടുതലായും ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ കയറ്റിയയക്കുന്നത്. മൂക്കാത്ത അടയ്ക്ക (പൈങ്ങ)യ്ക്കും ഇനിയങ്ങോട്ട് വില ഉയരുമെന്നാണ് സൂചന. വസ്ത്രങ്ങൾക്ക് കളർ നൽകുന്നതിന് ഇളം അടക്ക ഉപയോഗിക്കുന്നുണ്ട്.
കവുങ്ങ് കൃഷിയിലേക്ക് കൂടുതൽ കർഷകർ
കടന്നുവരുന്നുണ്ട്. കവുങ്ങുകൃഷിക്ക് പരിചരണം കുറച്ച് മതി. മഹാളി, ഇലമഞ്ഞളിപ്പ് എന്നിവയാണ് ജില്ലയിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങൾ. മഞ്ഞളിപ്പ് ബാധക്കെതിരേ ശാസ്ത്രീയ കൃഷി മുറകൾ അവലംബിക്കണം. കൃഷിചെയ്യാൻ നീർവാർച്ചയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം.
തൊഴിലാളികളെ കിട്ടാതായതോടെ കവുങ്ങ് കർഷകർ ഇപ്പോൾ അടയ്ക്ക പൊളിക്കുന്ന യന്ത്രത്തിനെയാണ് ആശ്രയിക്കുന്നത്. മലയോര മേഖലയിലടക്കം യന്ത്രത്തിൻ്റെ സേവനം ലഭ്യമാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അടയ്ക്ക പൊളിച്ചെടുക്കാൻ യന്ത്രത്തിന് കഴിയുന്നതു കൊണ്ടാണ് കർഷകർ അടയ്ക്ക പൊളിക്കുന്ന മെഷീൻ തേടിയെത്തുന്നതെന്ന് ഈ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജോബി ബളാൽ പറയുന്നു.
No comments