സംസ്ഥാനത്ത് ബീച്ചുകളും പാര്‍ക്കുകളും ഇന്ന് മുതല്‍ തുറക്കും
കൊവിഡ് മഹാമാരി മൂലം മാസങ്ങളായി പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രതിസന്ധിയിലായ സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി. ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാകും സന്ദര്‍ശകരെ അനുവദിക്കുക. ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളടക്കമുള്ള ടൂറിസം മേഖലകളില്‍ അതത് ജില്ലാ ഭരണാധികാരികള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരാമെന്ന വ്യവസ്ഥയോടെയാണ് തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം പത്ത് മുതല്‍ ഇക്കോ, കായല്‍ ടൂറിസം കേന്ദ്രങ്ങളും മറ്റും തുറന്നിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് ഇപ്പോള്‍ കൂടുതല്‍ മേഖലകള്‍ തുറക്കപ്പെടുന്നത്. ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടങ്ങള്‍ സജ്ജീകരിച്ച് എത്തുന്നവരുടെ താപനില പരിശോധിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കും.
മ്യൂസിയം, പാര്‍ക്ക് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍, എസ് എം എസ് ടിക്കറ്റ് സംവിധാനം നടപ്പാക്കാനാണ് പദ്ധതി, സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും. ഏഴ് ദിവസത്തില്‍ താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. എന്നാല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങുന്നവര്‍ ഏഴാം ദിവസം ഐ സി എം ആര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ അംഗീകൃതമായ ലാബുകളില്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണം.
No comments