അർബുദ ഗവേഷണത്തിൽ ശ്രദ്ധേയ നേട്ടങ്ങളുമായി മലയാളി ശാസ്ത്രജ്ഞൻ
പൈസക്കരി(കണ്ണൂർ): വരും കാലങ്ങളിൽ അർബുദ ചികിത്സയിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പുതിയ കണ്ടുപിടിത്തങ്ങളുമായി മലയാളി ശാസ്ത്രഗവേഷകൻ. കണ്ണൂർ പൈസക്കരി സ്വദേശിയായ ഡോ.റോബിൻ സെബാസ്റ്റ്യനാണ് തൻ്റെ ഗവേഷണ മികവിൽ ശാസ്ത്രലോകത്തിൻ്റെ അംഗീകാരം നേടിയത്. കഴിഞ്ഞ നാലു വർഷങ്ങളായി അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിലെ പ്രമുഖ ഗവേഷണ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ ഗവേഷണം നടത്തി വരുന്ന യുവ ശാസ്ത്രജ്ഞനാണ് ഡോ.റോബിൻ. ഇദ്ദേഹം കണ്ടെത്തിയ നൂതന ശാസ്ത്രീയ ആശയങ്ങൾ വിശദമാക്കുന്ന ലേഖനം അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാസികയായ "മോളിക്കുലർ സെൽ" അടുത്ത നാളിൽ പ്രസിദ്ധപ്പെടുത്തകയുണ്ടായി.
മനുഷ്യകോശങ്ങളിലെ ക്രോമോസോമുകളിൽ അടങ്ങിയിട്ടുള്ള മാക്രോഹിസ്റ്റോൺ എന്ന പ്രോട്ടീൻ തന്മാത്രകളെപ്പറ്റിയാണ് റോബിൻ പഠനം നടത്തിയത്. ഈ പ്രോട്ടീനിന്റെ ധർമ്മം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും മാക്രോഹിസ്റ്റോൺ1.2 എന്ന പ്രോട്ടീൻ തന്മാത്ര നീക്കം ചെയ്യപ്പെട്ട എലികളുടെ പരമ്പരയിൽ ആൺ പെൺ അനുപാതം 70:30 എന്ന ക്രമത്തിൽ വ്യത്യാസപ്പെട്ടിട്ടുള്ളതായി കണ്ടു. മാത്രമല്ല അപ്രകാരം പ്രോട്ടീൻ തന്മാത്ര നീക്കം ചെയ്യപ്പെട്ട എലികളുടെ ജനിതക (ഡിഎൻഎ) ഘടനയിൽ സാരമായ തകരാറുകൾ സംഭവിച്ചതായും കണ്ടെത്തി. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെ ക്രോമോസോമിന്റെ ഘടന നിലനിർത്തുന്നതിൻ പ്രസ്തുത പ്രോട്ടീൻ തന്മാത്രകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതായിരുന്നു പ്രധാന കണ്ടെത്തൽ. ഈ പ്രോട്ടീൻ തന്മാത്രകളുടെ അഭാവവും അപചയവും കാൻസർ ഉണ്ടാകുന്നതിന് കാരണമായി തീരാമെന്നും പഠനം തെളിയിക്കുന്നു. കാൻസർ ഗവേഷണ രംഗത്ത് ഒരു സുപ്രധാന വഴിത്തിരിവാണ് ഡോ.റോബിൻ സെബാസ്റ്യന്റെ കണ്ടെത്തൽ. കാൻസർ ഗവേഷണത്തിൽ നൂതന ആശയങ്ങൾ കണ്ടെത്തി സമർപ്പിക്കുന്ന ഗവേഷകർക്ക് യു.എസ്.ഗവണ്മെന്റ് നൽകുന്ന എൻഐസി ഡയറക്ടേഴ്സ് അവാർഡും ഡോ.റോബിൻ സെബാസ്റ്റ്യന് ലഭിച്ചിട്ടുണ്ട്.
നാല് വർഷം മുമ്പ് ബംഗളൂരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണ വിദ്യാർത്ഥി ആയിരിക്കെ വിവാദകീടനാശിനിയായ എൻഡോസൾഫാൻ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ജനിതക മാറ്റങ്ങളെ സംബന്ധിച്ച് ശ്രദ്ധേയമായ പ്രബന്ധം റോബിൻ സെബാസ്റ്റ്യന്റെതായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വാഷിംഗ്ടണിലെ എൻഐഎച്ചിൽ റിസേർച്ച് ഫെലോ ആയാണ് ജോലി ചെയ്യുന്നത്. റോബിൻ്റെ ഭാര്യ ഡോ.സുപ്രിയ വർത്തകും ഇവിടെ ശാസ്ത്രജ്ഞയാണ്. റിട്ട.ജില്ലാ സാമൂഹ്യനീതി ഓഫീസർ തെക്കേപുതുപ്പറമ്പിൽ ടി.ടി. സെബാസ്റ്റ്യന്റെയും റിട്ട.അധ്യാപിക റോസമ്മയുടെയും മകനാണ് ഡോ.റോബിൻ സെബാസ്റ്റ്യൻ. ഏക സഹോദരൻ റോണി സെബാസ്റ്റ്യൻ ബിഎഡ് വിദ്യാർത്ഥിയാണ്.
No comments