Breaking News

ഒരു വർഷം പഴക്കമുള്ള ന്യൂഡിൽസ് കഴിച്ചു; കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം


ഒരു വര്‍ഷത്തില്‍ അധികമായി ഫ്രീസറില്‍ വച്ചിരുന്ന ന്യൂഡില്‍സ് കഴിച്ച്‌ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്ലോങ്ജാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. സുവാന്‍ടാഗ്സി എന്ന പ്രാദേശിക ന്യൂഡില്‍ സൂപ്പാണ് ഇവര്‍ കഴിച്ചത്. അതേസമയം, ന്യൂഡില്‍സിന്റെ രുചി ഇഷ്ടപ്പെടാതിരുന്നത് മൂലം കഴിക്കാതിരുന്ന മൂന്ന് കുട്ടികള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.

പുളിപ്പിച്ച ചോള മാവ് അടങ്ങിയ ന്യൂഡില്‍ സൂപ്പില്‍ 'ബോണ്‍ഗ്രെക്കിക്ക്' ആസിഡിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നും അതാണ് മരണം സംഭവിക്കാന്‍ കാരണമെന്നുമാണ് ആരോഗ്യ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രാദേശിക ആരോഗ്യ ഏജന്‍സി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ബാക്ടീരിയം സ്യൂഡോമോണസ് കോക്കോവെനാനന്‍സ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ബോണ്‍ഗ്രെക്കിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം മരിച്ചവരുടെ വയറ്റില്‍ നിന്നും കണ്ടെത്തിയതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വിഷപദാര്‍ത്ഥമാണിത്.

അതേസമയം, ഈ ഭക്ഷ്യദുരന്തം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ പരിശോധന തുടരുകയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

 ബോണ്‍ഗ്രെക്കിക് ആസിഡ്

പുളിപ്പിച്ച അരിയും മറ്റു ധാന്യങ്ങളും ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളില്‍ നിന്ന് ഏറ്റവുമധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് ബോണ്‍ഗ്രെക്കിക് ആസിഡാണ്. ചൂടില്‍ പോലും നശിക്കാത്ത ഈ രാസവസ്തുവിന്റെ സാന്നിദ്ധ്യം ഭക്ഷണം പാചകം ചെയ്താലും ഇല്ലാതാകില്ല. കൊടുംവിഷമായ ബോണ്‍ഗ്രെക്കിക് ആസിഡിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളില്ലെന്നും വളരെ ഉയര്‍ന്ന മരണസാദ്ധ്യതയുണ്ടെന്നുമാണ്

വിദഗ്ദ്ധര്‍ പറയുന്നത്.

ഈ രാസവസ്തു അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വയറുവേദന, അമിതമായി വിയര്‍ക്കുക, തളര്‍ച്ച എന്നിങ്ങനെ തുടങ്ങുന്ന രോഗലക്ഷണങ്ങള്‍ കോമയിലെത്തുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യാം. ചിലപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചേക്കാം.കരള്‍, വൃക്കകള്‍, ഹൃദയം, തലച്ചോര്‍ എന്നിങ്ങനെ വിവിധ അവയവങ്ങളെ ഗുരുതരമായി ഇത് ബാധിക്കും. ബോണ്‍ഗ്രെക്കിക് ആസിഡ് കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് മൃഗങ്ങള്‍ക്കും ദോഷകരമാണ്. മരണം വരെ സംഭവിച്ചേക്കാം.

No comments