Breaking News

പാസ്‌വേര്‍ഡുകളുടെ സുരക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഡിജിറ്റല്‍ യുഗത്തില്‍ പാസ്‌വേര്‍ഡുകളുടെ ആവശ്യകത ഏറെയാണ്. ബാങ്ക് അക്കൗണ്ടുകള്‍ക്കും സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ക്കും മെയില്‍ അക്കൗണ്ടിനുമെല്ലാം പാസ്‌വേര്‍ഡുകള്‍ ആവശ്യമാണ്. വ്യക്തി വിവരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനായാണ് പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത്. പൊതുവേ അക്ഷരങ്ങള്‍, അക്കങ്ങള്‍, അല്ലെങ്കില്‍ മറ്റ് ചിഹ്നങ്ങള്‍ എന്നിവയെല്ലാമാണ് പാസ്‌വേര്‍ഡുകള്‍ക്കായി ഉപയോഗിക്കുന്നത്. ഇങ്ങനെ പാസ് വേര്‍ഡുകള്‍ നിര്‍മിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാസ്‌വേര്‍ഡിന്റെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
ഒരു ഇ – മെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിംഗ് സംവിധാനങ്ങള്‍ വഴിയും പാസ്‌വേര്‍ഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇ – മെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഇ- മെയിലിലൂടെ പാസ്‌വേര്‍ഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേര്‍ഡുകള്‍ സൂക്ഷിക്കാതിരിക്കുക.
ആരുമായും ഒരു കാരണവശാലും പാസ്‌വേര്‍ഡുകള്‍ പങ്കുവക്കാതിരിക്കുക.
ഒന്നില്‍ കൂടൂതല്‍ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക.
പാസ്‌വേര്‍ഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേര്‍ഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേര്‍ഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേര്‍ഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).
നിശ്ചിത ഇടവേളകളില്‍ പാസ്‌വേര്‍ഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
പാസ്‌വേര്‍ഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേര്‍ഡ് കൊണ്ട് സുരക്ഷിതമാക്കുക.
ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.

No comments