പണിമുടക്ക് പതിവാക്കി വെള്ളരിക്കുണ്ടിലെ ATM കൗണ്ടറുകൾ
ഒട്ടേറെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന താലൂക്ക് സിരാകേന്ദ്രമായ വെള്ളരിക്കുണ്ടിൽ പലവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ ഇപ്പോൾ ഏ.ടി.എം കൗണ്ടറുകൾ തേടി പരക്കം പായുന്ന കാഴ്ച്ചയാണ് കാണുന്നത്. പണിമുടക്കിയത് അറിയാതെ പണം പിൻവലിക്കാനെത്തുന്ന ഉപഭോക്താക്കൾ ഓരോ ഏ.ടി.എം കൗണ്ടറുകളും കയറിയിറങ്ങി നിരാശരാവുകയാണ്. എ.ടി.എം മെഷീൻ തകരാറിലാവുന്നത് വെള്ളരിക്കുണ്ടിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. നന്നാക്കിയെടുക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. നന്നാക്കിയാലും വീണ്ടും തകരാറിലാവുന്ന സ്ഥിതിയാണുള്ളത്.
ഏതെങ്കിലുമൊരു കൗണ്ടർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ തന്നെ അതിന് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂവാണ്.
ചില എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നതിൻ്റെ മുറിവാടക പോലും കിട്ടാതെ മാസങ്ങളായെന്ന് കെട്ടിട ഉടമകൾ പറയുന്നു. വെള്ളരിക്കുണ്ടിൻ്റെ സമീപ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകേണ്ട എ.ടി.എം കൗണ്ടറുകളോട് അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ ഉപഭോക്താക്കളിൽ കടുത്ത പ്രതിഷേധമുണ്ട്.
No comments