മാവോയിസ്റ്റ് ഏറ്റ്മുട്ടൽ; ഇരുപത്തിരണ്ട് പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത
കോഴിക്കോട് : മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത. കോഴിക്കോട് മലയോര മേഖലയിലെ ഏഴ് പോലീസ് സ്റ്റേഷനുകള്‍ക്കും വയനാട് ജില്ലയിലെ 15 പോലീസ് സ്റ്റേഷനുകള്‍ക്കുമാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയത്.
കോഴിക്കോട് റൂറല്‍ പോലീസ് പരിധിയിലെ കൂരാച്ചുണ്ട്, പെരുവണ്ണാമുഴി, വളയം, തൊട്ടില്‍പാലം സ്റ്റേഷനുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. താമരശേരി, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്. ഈ പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന നടക്കുന്നുണ്ട്.
മാവോയിസ്റ്റുകള്‍ താവളമൊരുക്കുന്നത് ട്രയാങ്കിള്‍ മേഖലയിലാണെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഏതെങ്കിലും തരത്തില്‍ പോലീസ് സാന്നിധ്യമുണ്ടായാല്‍ രക്ഷപ്പെടുന്നതിനാണ് ഇത്തരത്തിലുള്ള മേഖലകളില്‍ താവളമുറപ്പിക്കുന്നത്. അതിനാല്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് വനത്തിനുള്ളിലും പരിശോധന തുടരുകയാണ്. വനപാലകരും പരിശോധന നടത്തുന്നുണ്ട്
No comments