വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത ഖനനം: നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് അധികൃതർ
വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത മണല്‍, മണ്ണ് ഖനനവും, പാറ, ചെങ്കല്ല് ഖനനവും കടത്തികൊണ്ടുപോകലും തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നവംബര്‍ ഏഴിന് പരപ്പയില്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ ചെമ്മണ്ണ് കടത്താന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുത്തത് സംബന്ധിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വെള്ളരിക്കുണ്ട് തഹസില്‍ദാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പയില്‍ പരിശോധന നടന്നത്. സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാരും താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും സ്‌ക്വാഡ് പ്രവര്‍ത്തനത്തിനായി അനുവദിച്ച വാഹനത്തില്‍ സ്ഥലത്തെത്തിയിരുന്നത്. വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ താല്‍കാലിക ഡ്രൈവറുടെ സ്വന്തം ഇഷ്ടപ്രകാരമല്ല സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തത്. ചെമ്മണ്ണ് കടത്താന്‍ അനുവദിച്ച ട്രാന്‍സിറ്റ് പാസ്സില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടിയിരുന്ന തീയ്യതിയോ സമയമോ മറ്റു അനുബന്ധവിവരങ്ങളോ രേഖപ്പെടുത്താത്തതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും തഹസില്‍ദാര്‍ അറിയിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടുകയോ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.
താലൂക്ക് പരിധിയില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഖനനവോ ധാതുക്കളോ കടത്തികൊണ്ടുപോകലോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കാം. ഫോണ്‍ 04672242320, 8547618470, 8547618469
No comments