Breaking News

കാട്ടുമൃഗങ്ങൾ നാട്ടിൽ മേയുന്നു മലയോര കർഷകർ ദുരിതത്തിൽ


ചിറ്റാരിക്കാൽ: നട്ടുനനച്ചതിന്റെ വിളവെടുക്കാന്‍ കഴിയാതെ പരിദേവനവുമായി മലയോരകര്‍ഷകര്‍. കപ്പയും ചേനയും ചേമ്പുമെല്ലാം കുത്തിപ്പറിച്ചും പിഴുതിട്ടും തീര്‍ക്കുമ്പോൾ എല്ലുമുറിയെ പണിഞ്ഞാല്‍ ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിയുകയാണ്  മലയോരത്തെ കർഷകർ.

കാട്ടുപന്നി, മുളളന്‍പന്നി, കുരങ്ങ്, മയില്‍ എന്നിവയാണ് ഈ കൃഷിയിടങ്ങളെ വെളുപ്പിക്കുന്നത്. കാട്ടുപന്നികള്‍ ഒറ്റയിറക്കത്തില്‍ തന്നെ ഒരു പ്രദേശത്തെ കൃഷി മുഴുവന്‍ നശിപ്പിക്കുകയാണ്. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് പുറമെ കമുക്, തെങ്ങ്, റബ്ബര്‍ തൈകളും കുത്തിമറിച്ച്‌ നശിപ്പിക്കുകയാണ്.

വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര പ്രദേശങ്ങളിലും, ചെറുപുഴ പഞ്ചായത്തിലെ രാജഗിരി , ജോസ് ഗിരി, താബോര്‍, ചട്ടിവയല്‍,മരുതുംപാടി, മുതുവം, തിരുമേനി, കോറാളി, പെരുവട്ടം, ചൂരപ്പടവ്, കൂമ്പന്‍കുന്ന് തുടങ്ങിയ മിക്ക പ്രദേശങ്ങളിലും വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടിലാണ്.

വിളവെടുക്കാറായതോടെയാണ് ഇവയുടെ ശല്യം കൂടുതലായത്. വ്യാപകമായി കൃഷിയിറക്കിയ കര്‍ഷകര്‍ കടുത്ത നിരാശയിലാണ്.കഴിഞ്ഞ ദിവസം മാത്രം തിരുമേനിയിലെ ഇല്ലത്തുപറമ്പിൽ അഗസ്റ്റ്യന്റെ അന്‍പതോളം കമുകിന്‍ തൈകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.

ഇടക്കര റോയിയുടെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത 800 ഓളം കാട്ടുകടുക്ക തൈകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. ഒരു വര്‍ഷം പ്രായമായ കവുങ്ങ് തൈകളാണ് കാട്ടുപന്നികള്‍ കുത്തി മറിച്ചും തിന്നും നശിപ്പിച്ചത്.

No comments