Breaking News

കോണ്‍ഗ്രസ് അടിമുതല്‍ മുടിവരെ അഴിച്ചുപണിയണം, നേതൃമാറ്റം വേണം: കെ സുധാകരന്‍




കണ്ണൂര്‍ | സംസ്ഥാന കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ അഴിച്ചുപണി ആവശ്യമാണെന്ന് കെ സുധാകരന്‍ എം പി. ആദ്യം വേണ്ടത് പാര്‍ട്ടിയില്‍ ജനാധിപത്യം പുസ്ഥാപിക്കുകയാണ്. പ്രവര്‍ത്തകര്‍ക്കും പൊതു ജനത്തിനും വിശ്വാസമുള്ളവര്‍ നേതൃസ്ഥാനത്തേക്കു വന്നാല്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളൂ. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ കെ പി സി സി പ്രസിഡന്റിനെ കുറ്റപ്പെടുത്താന്‍ താനില്ലെന്ന് സുധാകരന്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നത് വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇന്ത്യക്ക് ജനാധിപത്യം നേടിക്കൊടുത്ത പാര്‍ട്ടിയുടെ അകത്ത് ജനാധിപത്യമില്ലെന്നത് വലിയ വൈരുധ്യമാണ്. കേഡര്‍ പാര്‍ട്ടികളെ എതിരിടാനുള്ള സംഘടനാ ശേഷിയും ശൈലിയും പ്രവര്‍ത്തനവും നിലവില്‍ കോണ്‍ഗ്രസിനില്ലെന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. അപമാനത്തിന്റെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ കുറ്റങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യു ഡി എഫിന് സാധിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുധാകരന്‍ ജനവിശ്വാസവും അംഗീകാരവുമുള്ള ഒരു നേതാവിനെ നേതൃസ്ഥാനത്ത് കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിയണമെന്ന് വ്യക്തമാക്കി.


ഇടതുപക്ഷ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെയും അഴിമതിയെയും തുറന്നുകാണിക്കാന്‍ ഇനിയുളള അവസരം ഉപയോഗിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം മറ്റൊന്നാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.



No comments