അനധികൃത മത്സ്യബന്ധനം ചോദ്യം ചെയ്തു; കാസർകോട് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ചു
കാസർകോട്: കാസർകോട് കോസ്റ്റ് പൊലീസിലെ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. കോസ്റ്റ് പൊലീസിലെ സുബീഷ്, രഘു എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കുമ്പളയിൽ കടലിൽ ഇരുവരും പരിശോധന നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം.
മംഗളൂരുവിൽ നിന്ന് മത്സ്യബന്ധനത്തിനായി എത്തിയ സംഘമാണ് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത്. സംഘം അനധികൃതമായി മത്സ്യബന്ധനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ബോട്ടിലേയ്ക്ക് പ്രവേശിക്കുകയും കരയ്ക്ക് അടുപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ ബോട്ടിലുണ്ടായിരുന്നവർ ഇതിന് തയ്യാറായില്ല. തുടർന്ന് ബോട്ട് മംഗലാപുരത്തെ ബന്ദറിലേയ്ക്ക് ഓടിച്ച് പോകുകയായിരുന്നു.
പത്തൊൻപത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന് യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരെ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഇടപെട്ടു മോചിപ്പിക്കുകയായിരുന്നു. ഇവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
No comments