തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ കൗണ്‍സില്‍ യോഗവും ഇന്നു ചേരും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും ചടങ്ങുകള്‍.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തു മണിക്കും കോര്‍പറേഷനുകളില്‍ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കോര്‍പറേഷനുകളില്‍ ജില്ലാ കളക്ടര്‍മാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ വരണാധികാരികളാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
പ്രായംകൂടിയ അംഗത്തിനാണ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. സത്യപ്രതിജ്ഞക്ക് പിന്നാലെ കൗണ്‍സിലിന്റെ ആദ്യ യോഗവും ചേരും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
കൊവിഡ് പോസിറ്റീവായതോ ക്വാറന്റീനില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടാകും. മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാകും ഇവര്‍ക്ക് അവസരം. 28ാംതീയതി രാവിലെ 11 മണിക്ക് മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലേയും അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചയ്ക്കു രണ്ടിന് ഉപാധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളില്‍ 30ന് രാവിലെ 11ന് അധ്യക്ഷന്മാരേയും ഉച്ചയ്ക്കു രണ്ടിന് ഉപാധ്യക്ഷന്മാരേയും തെരഞ്ഞെടുക്കും.
No comments