Breaking News

'ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥ വരും'; കോഴിക്കോട് DYFI നേതാവിന്റെ കൊലവിളി പ്രസംഗം വിവാദമായി




കോഴിക്കോട്: സി പി എമ്മിനെ പ്രതിരോധത്തിലാക്കി ഡി വൈ എഫ് ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജാണ് വിവാദ പ്രസംഗം നടത്തിയത്. സി പി എമ്മിനെതിരേ വന്നാല്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. രണ്ട് ദിവസം മുന്‍പ് എൽ ഡി എഫ്, യു ഡി എഫ് ജാഥകളുടെ പേരില്‍ പ്രവര്‍ത്തകര്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് അഡ്വ. രാഹുൽ രാജ് ഭീഷണി മുഴക്കിയത്.

സി പി എമ്മിനെ വെല്ലുവിളിച്ച കെ ടി ജയകൃഷ്ണൻ പോസ്റ്ററായി മാറിയെന്ന് പ്രസംഗത്തിൽ പറയുന്നു. മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങില്ല ഒരു യൂത്ത് ലീഗുകാരനും. തനിച്ച് പുറത്തിറങ്ങാനുള്ള ശേഷിയൊന്നും കോണ്‍ഗ്രസുകാര്‍ക്ക് ഈ പ്രദേശത്തില്ല. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗുകാരനും നടത്താം. എന്നാല്‍ വ്യാജപ്രചാരണങ്ങളുമായി വന്നാല്‍ പ്രതികരിക്കും. ഇതിന് മുന്‍പ് ആർ എസ് എസിന് വേണ്ടി വെല്ലുവിളി നടത്തിയ കെ ടി ജയകൃഷ്ണനെ ഡിസംബര്‍ 1 ന് പോസ്റ്ററില്‍ മാത്രമാണ് കാണാനാവുന്നത്. ആർ എസ് എസിലും വലുതല്ല ഒരു യൂത്ത് ലീഗുകാരനും. അപവാദ പ്രചാരണങ്ങളുമായി വന്നാല്‍ ഒരൊറ്റ യൂത്ത് ലീഗുകാരനും ഒരൊറ്റ യൂത്ത് കോണ്‍ഗ്രസുകാരനും റോഡില്‍ ഇറങ്ങി നടക്കില്ലെന്നും രാഹുല്‍ രാജ് പറയുന്നു.


ഈ മണ്ണിന്‍റെ പേര് ഇടച്ചേരിയെന്നാണ്. ഇവിടുത്തെ ചരിത്രത്തില്‍ എഴുതിയിട്ടുള്ള പേരുകള്‍ കമ്മ്യൂണിസ്റ്റ് പോരാളികളുടേതാണ്. അല്ലാതെ അഴിമതി നടത്തി കള്ളും കഞ്ചാവും വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന കോണ്‍ഗ്രസുകാരുടേതല്ല. തെരഞ്ഞെടുപ്പ് സമയത്ത് കള്ളക്കഥകളുമായി എത്തുന്ന യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്തുമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറയുന്നു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളും രാഹുല്‍ വഹിക്കുന്നുണ്ട്

No comments