Breaking News

സംസ്ഥാനത്തെ ആദ്യത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ഏകലവ്യ സ്പോർട്സ് മോഡൽ റസിഡൻഷ്യൽ സ്കൂളിന് കോയിത്തട്ടയിൽ തറക്കല്ലിട്ടു


 കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോയിത്തട്ടയിൽ സാംസ്കാരിക, നിയമ, പട്ടികജാതി - പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഏ.കെ. ബാലൻ ഉൽഘാടനം ചെയ്തു .റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. 25കോടി രൂപ ചെലവിലാരംഭിക്കുന്ന
പദ്ധതിയ്ക്ക് 13 കോടി രൂപ സംസ്ഥാന സർക്കാരും 12 കോടി രൂപ കേന്ദ്ര സർക്കാരും അനുവദിക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. കേരളത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്. മാതൃകാപരമായ വിദ്യാഭ്യാസവും മികച്ച കായികശേഷിയും വികസിപ്പിച്ച് പട്ടികവർഗവിദ്യാർത്ഥികളെ കായിക രംഗത്ത് ലോകോത്തര നിലവാരത്തിൽ വളർത്താൻ ഈ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പഠനമുറി, ഗോത്രബന്ധു, കളിക്കളം സർഗോത്സവം തുടങ്ങിയ പരിപാടികളിലൂടെ പട്ടികവർഗ വിദ്യാർത്ഥികളെ അഞ്ചു വർഷത്തിനകം വിദ്യാഭ്യാസ രംഗത്ത് ഉയർത്താൻ സാധിച്ചു. ആധുനിക പരിശീലനം നൽകി മിടുക്കരായ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ഏകലവ്യ സ്ക്കൂൾ ഈ വർഷം ആരംഭിക്കുമെന്നും കെട്ടിടത്തിന്റെ നിർമാണം രണ്ടുവർഷത്തിനകം പൂർത്തീകരിക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
റവന്യു . മന്ത്രി ഇ ചന്ദ്രശേഖരനും മുൻ എം.പി പി കരുണാകരനും
പഞ്ചായത്ത് ജനപ്രതിനിധികളും നടത്തിയ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് മാതൃക സഹവാസ വിദ്യാലയം ഇവിടെ അനുവദിച്ചതെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാനും ഇടപെടലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു


മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കാനും രാജ്യത്തിനകത്തും പുറത്തും നാടിന്റെ യശസ് ഉയർത്താനും ഏകലവ്യ കായിക മാതൃക സഹവാസ വിദ്യാലയം ഉപകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു
മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു


കരിന്തളം വില്ലേജിൽ കോയിത്തട്ട വലിയ പാറയിൽ ഇതിനായി 10 ഏക്കർ റവന്യു ഭൂമി സർക്കാർ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂൾ നിർമ്മാണം ഉടനടി ആരംഭിക്കും സിന്തറ്റിക് ട്രാക്ക്, സ്വിമ്മിംഗ് പൂൾ, വിവിധ കായിക ഇനങ്ങൾക്കായുള്ള കോർട്ടുകൾ, ഓപ്പൺ എയർ തിയ്യറ്റർ, സ്മാർട്ട് ക്ലാസ് റുമുകളുള്ള അക്കാഡമിക് ബ്ലോക്ക് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, അധ്യാപകർക്കും ജീവനക്കാർക്കുള്ള ക്വാർട്ടേർസ് തുടങ്ങിയവ നിർമ്മിക്കും. 30 വീതം അൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള 2 ബാച്ചുകൾ ആരംഭിക്കും. ആറാം ക്ലാസ് മുതൽ 12-ാം തരം വരെയുള്ള പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. 2021 ജൂൺ മാസത്തിൽ ആദ്യ ബാച്ച് ആരംഭിക്കും. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചായ്യോത്ത് ലഭ്യമാക്കുന്ന കെട്ടിടത്തിലാണ് താൽ കാലികമായി ക്ലാസ് ആരംഭിക്കുന്നത്. കോവി ഡ് മാനദണ്ഡംപാലിച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്.
കോയിത്തട്ട കുടുംബശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ചന്ദ്രൻ. പഞ്ചായത്ത് അംഗം ഉമേശൻ ബേളൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, സി.കുഞ്ഞിക്കണ്ണൻ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ പി നാരായണൻ അഡ്വ കെ കെ നാരായണൻ എൻ പുഷ്പരാജൻ വിസി, പത്മനാഭൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, പി ടി നന്ദകുമാർ സംസാരിച്ചു.
പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പുകഴേന്തി സ്വാഗതം പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ പി കൃഷ്ണ പ്രകാശ് സീനിയർ സൂപ്രണ്ട് കെ വി രാഘവൻ എ ബാബു തുടങ്ങിയവർ സംബന്ധിച്ചു

No comments