കൊവിഡ് ഭീഷണി; ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകുമെന്ന് കൺസ്യൂമർ ഫെഡ്
കൊവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകുമെന്ന് കൺസ്യൂമർ ഫെഡ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതൽ ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകാനും തീരുമാനമുണ്ട്. കെഎസ്ആർടി സിയുമായി സഹകരിച്ച് മൊബൈൽ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും എംഡി ഡോ സനിൽ കുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം. ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളിൽ കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.
No comments