സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ്; വിചിത്ര ഉത്തരവില്‍ മന്ത്രിയുടെ ഇടപെടല്‍, പ്രസ്താവന തിരുത്തി കളക്ടര്‍
കാസര്‍കോഡ് : കാസര്‍കോഡ് ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണമെന്ന വിചിത്ര ഉത്തരവില്‍ മന്ത്രിയുടെ ഇടപെടല്‍. പിന്നാലെ പ്രസ്താവന തിരുത്തി ജില്ലാ കളക്ടര്‍. ജില്ലയ്ക്കകത്ത് സഞ്ചരിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിന് പിന്നാലെ പ്രതിഷേധം കനത്തതോടെ റവന്യു മന്ത്രി ഇടപെടുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാന്‍ സാധ്യതയുണ്ടെന്ന് റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അങ്ങനെയൊന്നുമല്ല പറഞ്ഞതെന്ന് അറിയിച്ച് ജില്ലാ കളക്ടര്‍ പ്രസ്താവന തിരുത്തുകയായിരുന്നു. ജില്ലയിലേയ്ക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടായിരുന്നു കളക്ടറുടെ ഉത്തരവ്. ജില്ലയ്ക്കകത്ത് സഞ്ചരിക്കാനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത പരിഷ്‌കാരമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള തീരുമാനമാണെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
അതേസമയം ജില്ലയില്‍ രോഗവ്യാപനം വര്‍ദ്ധിച്ചുവരികയാണ്. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം 4062 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ ദിവസം ജില്ലയില്‍ 622 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
No comments