കോവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 20 മുതല്‍ രാത്രി കര്‍ഫ്യൂ; ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ഡൗണും പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് നടക്കാനിരുന്ന പ്ലസ്ടു പരീക്ഷ മാറ്റിവെച്ചു.
രാത്രി കര്‍ഫ്യൂ സമയത്ത് പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവശ്യ സേവനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായങ്ങള്‍ എന്നിവയെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ഞായറാഴ്ചകളിലെ ലോക്ഡൗണില്‍ നിന്നും അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യത്തിന് സമയക്രമം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ പത്തുവരെയും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയും വൈകിട്ട് ആരു മുതല്‍ ഒന്‍പതു വരെയുമാണ് പാഴ്‌സല്‍ സൗകര്യത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.
ബീച്ചുകള്‍, പാര്‍ക്കുകള്‍, മൃഗശാലകള്‍ എന്നിവ അടച്ചിടും. മാളുകള്‍, വലിയ ഷേപ്പുകള്‍ എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 10,723 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 9,91,452 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 70,391 പേര്‍ ചികിത്സയിലുമുണ്ട്.
No comments