Breaking News

ജില്ലാ കളക്ടറെ വിമർശിച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ്റെ എഴുതുന്നു..



ബഹു: കാസര്‍കോട് ജില്ലാ കലക്ടര്‍ അങ്ങുന്നേ.

ഒരു ജനതയെ വല്ലാതെ അങ്ങ് പരീക്ഷിക്കുകയാണല്ലോ. ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി ഞങ്ങള്‍ കാസ്‌റോട്ടാര്‍ വലിയ പ്രതിസന്ധിയിലാണ് സാര്‍. അങ്ങയ്ക്ക് ഇതൊന്നും അറിയണ്ട. ഉത്തരവിറക്കിയാ മതിയല്ലോ. കൊറോണ വ്യാപനം ആരംഭിച്ച നാള്‍ തൊട്ട് ഈ ജനത അങ്ങയെ അറിഞ്ഞു. കൂളിംഗ് ഗ്ലാസ്സ് വച്ച് കൊറോണയെ പിടിച്ചുകെട്ടാന്‍ അങ്ങ് ലാത്തിയുമായി ഓടിയ ഓട്ടം നമ്മള്‍ മറന്നില്ല സാര്‍. ഇതു വരെ അറിയാത്ത ഒരു കാലഘട്ടത്തെ നേരിടാന്‍, ഞങ്ങള്‍ക്കു തന്നെ ബോധ്യമുള്ളത് കൊണ്ട് അന്ന് ഇതൊക്കെ കണ്ടിട്ടും അങ്ങയുടെ കൂടെ നിന്നിരുന്നു. അങ്ങയുടെ നടപടികള്‍ മൂലം അജ്ഞരായ ജനത താമസിക്കുന്നിടം എന്ന് ചര്‍ച്ച ചെയ്യുന്ന രീതിയിലല്ലേ ജില്ലയെ കുറിച്ചുള്ള പുറം ലോക ചര്‍ച്ചകള്‍? എവിടെ പോയാലും പാവം ഗണ്‍മാനുള്‍പ്പെടെയുള്ള പോലീസുകാരെ കൊണ്ട് ക്യാമറ ചലിപ്പിക്കുന്ന അങ്ങയുടെ പബ്‌ളിസിറ്റി സ്റ്റണ്ട് അറപ്പോടെ കണ്ടിട്ടും പലതും അങ്ങനെ വിട്ടു. പക്ഷേ ഇനിയും അങ്ങയുടെ ജോസഫ് അലക്‌സ് കളി കണ്ടിട്ടും മിണ്ടാതിരിക്കാന്‍ ആവില്ല. ശമ്പളവും അലവന്‍സും കൃത്യമായി എണ്ണി വാങ്ങുന്നവര്‍ക്ക് ദിനമെണ്ണിപണിയെടുത്ത് കൂലി വാങ്ങുന്നവന്റെ പ്രയാസം അറിയില്ലായിരിക്കാം. ആരും അഭിമാനം കൊണ്ട് പുറത്ത് പറയാത്ത സാമ്പത്തിക പ്രയാസങ്ങള്‍ പുറം ലോകമറിയാത്ത സംഭവങ്ങളുമുണ്ടെന്ന് അങ്ങ് ഒന്ന് ഓര്‍ക്കേണ്ടിയിരിക്കുന്നു. ആരും കോവിഡിന് അതീതരല്ല എന്ന് നല്ല ബോധ്യമുള്ള ജനത തന്നെയാണ് ഇവിടെ ഉള്ളത്.ഇപ്പോ അങ്ങ് ചെയര്‍മാനായ ദുരന്തനിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവും അത് ഒരാഴ്ചത്തേക്ക് മരവിപ്പിക്കേണ്ടി വന്നതും പെരിയയിലെ ഒരു പാവം കൃഷിയോഫീസറുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് പ്രധാനമന്ത്രിയുടെ അവാര്‍ഡിന് കാത്തു നില്‍ക്കുന്ന അങ്ങ് ചിന്തിക്കണം സാര്‍.മഞ്ചേശ്വരം അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡില്ലാ സര്‍ട്ടിഫിക്കേറ്റ് വേണമെന്ന യദ്യൂരപ്പ തീരുമാനത്തിനെതിരായ സമരം ചെയ്ത ഞങ്ങള്‍ക്ക് ജില്ലക്കകത്തെ ഗ്രാമത്തില്‍ നിന്നും പട്ടണത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡില്ലാ സര്‍ട്ടിഫിക്കേറ്റ് വേണമെന്നു പറയുമ്പോള്‍ അംഗീകരിക്കുന്ന ബോളന്‍മാരാണെന്ന്

അങ്ങ് ധരിച്ചു വച്ചുവോ സാര്‍.?

കോവിഡു പകരാതിരിക്കാന്‍ ശാസ്ത്രീയ വഴികള്‍ വിദഗ്ധരുമായി ആലോചിച്ച് ചെയ്യുകയല്ലേ വേണ്ടത്? എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ അങ്ങ് വിധിക്കുമ്പോള്‍ പാവം ജനതയെ കുറിച്ച് ഓര്‍ക്കണമായിരുന്നു സാര്‍.

കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ മാത്രം കൊറോണ വ്യാപാരം നടക്കുന്നെന്ന അങ്ങയുടെ കണ്ടുപിടിത്തം ഗംഭീരം തന്നെ. കേരളത്തിലെ വ്യാപാരി സമൂഹം പലരും തകര്‍ച്ചയുടെ വക്കിലാണ് സാര്‍. അങ്ങ് എടുത്ത തീരുമാനം എങ്ങനെയാണ് സാര്‍ നാട്ടിലെ ജനങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. കോ വിഡ് നെഗറ്റീവ് ആയവര്‍ക്ക് ഇതുവരെയും സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായി അങ്ങേക്ക് അറിയാമോ? സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായും നടപ്പില്‍ വരുത്താനുള്ള നടപടികള്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ പോരെ സാര്‍? ടെസ്റ്റുകള്‍ ഊര്‍ജിതപ്പെടുത്താനും 45 വയസ് തികയാത്തവര്‍ക്ക് ഇനിയും വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ എടുത്തൊരാള്‍ അടുത്ത വാക്‌സിന്‍ എടുക്കാന്‍ എത്ര ദിവസം വേണ്ടിവരും എന്നത് അങ്ങ് മറന്നുവോ സാര്‍? രണ്ടു വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് പിന്നെങ്ങനെ കാണിക്കും സാര്‍? ഇനിയെങ്കിലും ഞങ്ങള്‍ക്ക് വേണ്ടത് തുഗ്‌ളക്ക് പരിഷ്‌ക്കാരമല്ല. യാഥാര്‍ത്യബോധത്തോടെയുള്ള നിലപാടുകളാണ്.ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായാല്‍ നന്ന്.

മുകേഷ് ബാലകൃഷ്ണന്‍

ചെറുവത്തൂര്‍

No comments