"അടിച്ചമർത്തപ്പെട്ടവന്റെയും അരികുവത്കരിക്കപ്പെട്ടവന്റെയും ഒപ്പം നിൽക്കാനും അവരുടെ രാഷ്ട്രീയം സംസാരിക്കാനുമാണ് താൻ ആഗ്രഹിക്കുന്നത് കള അത്തരത്തിലുള്ളൊരു സിനിമ " നിലപാട് വ്യക്തമാക്കി ചെറുപുഴയുടെ യുവ നായകൻ സുമേഷ് മൂർ
ചെറുപുഴ: രോഹിത് വി.എസ് സംവിധാനം ചെയ്ത കള എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച യുവ നടനാണ് മൂര്‍. ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൂറിന്റെ അഭിനയവും ശാരീരകചലനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രമിറങ്ങിയതിന് ശേഷം വന്ന പല അഭിമുഖങ്ങളിലും മൂര്‍ സിനിമയിലൂടെയും അല്ലാതെയും താന്‍ പറയാനാഗ്രഹിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നു.
ചെറുപുഴ സ്വദേശികളായ സുരേഷ് മോനിപ്പള്ളി - മിനി ദമ്പതികളുടെ മകനാണ് സുമേഷ് മൂര്‍.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി സിനിമ രംഗത്ത് എത്തിയ സുമേഷിന്റെ ആദ്യം ചിത്രം 2019ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി' ആയിരുന്നു. സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷമാണ് ഈ ചിത്രത്തില്‍ ചെയ്തത്.
അടിച്ചമര്‍ത്തപ്പെട്ടവന്റെയും അരികുവത്കരിക്കപ്പെട്ടവന്റെയും ഒപ്പം നില്‍ക്കാനും അവരുടെ രാഷ്ട്രീയം സംസാരിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മൂര്‍ പറഞ്ഞിരുന്നു. കള എന്ന ചിത്രത്തിന്റെ ഭാഗമായതും ഇതേ രാഷ്ട്രീയവുമായി സിനിമ ചേര്‍ന്നുനില്‍ക്കുന്നുവെന്ന് തോന്നിയതിനാലാണെന്നും മൂര്‍ പറഞ്ഞു.ഇപ്പോള്‍ ഇതേ കാഴ്ചപ്പാടുകളുടെ പേരില്‍ പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രമായ കടുവയില്‍ നിന്നും പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണ് മൂര്‍. കാന്‍ ചാനല്‍സ് എന്ന വെബ്‌സെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കടുവയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് മൂര്‍ പറഞ്ഞത്.
‘ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്,’ മൂര്‍ പറഞ്ഞു.
കള കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമെല്ലാമാണ് കളയുടെ പ്രമേയമാകുന്നത്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.
No comments