ചെറുപുഴ പഞ്ചായത്തിലെ കാനംവയലിൽ കടുവയിറങ്ങി; രണ്ട് നായകളെ ആക്രമിച്ചു, ഒന്നിനെ കടിച്ചെടുത്ത് കൊണ്ടുപോയി
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കാനംവയലിൽ കടുവയിറങ്ങി. രണ്ട് നായകളെ ആക്രമിച്ചു. ഒന്നിനെ കൊണ്ടുപോയി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കർണ്ണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കാനംവയലിലെ കായമ്മാക്കൽ സണ്ണിയുടെ കൃഷിയിടത്തിൽ നിന്നും 200 മീറ്റർ ദൂരത്തിലാണ് സംഭവം. ഇവിടെ 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മണിയൻ എന്ന ആളുടെ വളർത്തുനായകളെ ആണ് കടുവ ആക്രമിച്ചത്.
രാത്രി 12 മണിയോടെ നായകൾ പ്രത്യേക ശബ്ദത്തിൽ കരഞ്ഞപ്പോൾ മണിയൻ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് മുറ്റത്ത് കടുവ നിൽക്കുന്നത് കണ്ടത്. മണിയൻ ഉടൻ തന്നെ അകത്തു കയറി. മറ്റുള്ളവരെ ഫോൺ വിളിച്ച് വിവരമറിയിച്ചു.12 പേർ മണിയനൊപ്പം ജോലി ചെയ്യുന്നുണ്ട്. എന്നാൽ വൈകുന്നേരത്തോടെ ഇവർ മടങ്ങിപ്പോകും. മണിയൻ ഒറ്റയ്ക്കാണ് താമസം. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. എന്നാൽ പുലി ഇറങ്ങുന്നത് അപൂർവ്വമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
No comments