മലയോര കർഷകരുടെ അത്താണിയായ മലഞ്ചരക്ക് കടകൾ തുറക്കാൻ അനുവദിക്കണം; കർഷകസംഘം വില്ലേജ് കമ്മറ്റി പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ
പരപ്പ: കോവിഡ് പ്രതിരോധ ഭാഗമായി കേരളത്തിൽ ഇന്ന് മുതൽ മെയ് 9 വരെ കർശന നിയന്ത്രണങ്ങളോടു കൂടി "മിനിലോക്ക് ഡൗൺ" സർക്കാർ നടപ്പിലാക്കുന്ന സാഹചര്യത്തിൽ നാട്ടിലെ ഓരോ ആളുകളും സ്വയം കാര്യങ്ങൾ മനസ്സിലാക്കി സർക്കാർ ഉത്തരവിനെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്, അതോടൊപ്പം ഈ സാഹചര്യത്തിൽ കർഷകരുടെ പ്രതിസന്ധി കൂടി സർക്കാർ പരിഗണിക്കേണ്ടതുണ്ട്. പഴം-പച്ചക്കറി, പലചരക്ക് കടകൾ, ഹോട്ടൽ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് പോലെ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മലഞ്ചരക്ക് കടകൾ കൂടി (ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ) തുറക്കാൻ അനുവദിക്കണമെന്ന് കർഷക സംഘം യൂണിറ്റ് സെക്രട്ടറിയും ബളാൽ വില്ലേജ് പ്രസിഡണ്ടും ഏരിയ കമ്മറ്റിയംഗവുമായ ദാമോദരൻ കൊടക്കൽ ആവശ്യപ്പെട്ടു. കൃഷിയിലൂടെ ഉപജീവനം തേടുന്ന മലയോര മേഖലയിലെ സാധാരണക്കാരായ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റ് കാശു കിട്ടിയാൽ മാത്രമെ വീട്ടു സാധനങ്ങൾ ഉൾപ്പടെയുള്ള ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുകയുള്ളു. പ്രത്യേകിച്ചും കിഴക്കൻ മലയോര ഗ്രാമങ്ങളിലെ കർഷകർക്ക് മലഞ്ചരക്ക് കടകൾ അവശ്യ സ്ഥാപനം തന്നെയാണ്. കലക്ടറും ബന്ധപ്പെട്ട അധികാരികളും ആവശ്യമായ നടപടികൾ എടുത്ത് ഗ്രാമവാസികളായ കർഷക കുടുംബങ്ങളെ സഹായിക്കണമെന്ന് ദാമോദരൻ കൊടക്കൽ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
No comments