Breaking News

വരണ്ടഭൂമിയെ ജലസമ്പന്നമാക്കി ഏഴാംമൈൽ കാലിച്ചാൻപാറയിലെ രാജേഷ് മാഷിൻ്റെ കൃഷിപാഠം പാറപ്രദേശം ഇപ്പോൾ പച്ചപ്പുള്ള കൃഷിയിടം

എണ്ണപ്പാറ: അധ്യാപകനും സംഘടനാ പ്രവർത്തകനുമായ രാജേഷ് സ്കറിയയുടെ ഭവന സന്ദർശനം നമുക്ക് ലഭ്യമാക്കുന്നത് പുതിയ കാഴ്ചകളും അറിവുകളുമാണ്. ഏഴാംമൈലിൽ നിന്ന് പോർക്കളം വഴി അയ്യങ്കാവിലേക്കുള്ള  റോഡരികിലാണ് രാജേഷ് മാഷിൻ്റെ ആറേക്കർ പുരയിടവും വീടും സ്ഥിതി ചെയ്യുന്നത്.

വീടിൻ്റെ ഗേറ്റ് കടക്കുമ്പോൾത്തന്നെ ഒരു ചെറു മരത്തിന് ചുറ്റും ഒരുക്കിയ ചെറുടാങ്കിൽ വർണമത്സ്യങ്ങളും അതിനരികിൽ സ്ഥാപിച്ച കിളിക്കൂടുമാണ് ആദ്യത്തെ കാഴ്ച. 

      ചെങ്കൽ പ്രദേശം നിരപ്പാക്കി വീടിന് ചുറ്റുമുള്ള സ്ഥലം  തട്ടുകളായി തിരിച്ചിരിക്കുന്നു. അവിടെ വിവിധ തരം ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ നമുക്ക് ബോധ്യമാകും. കവുങ്ങ് ,തെങ്ങ് വിവിധ തരം മാവുകൾ, റമ്പൂട്ടാൻ പപ്പായ, വാഴ തുടങ്ങിയ എല്ലാം പറമ്പിലുണ്ട്.

      വീടിൻ്റെ പിറകിൽ ഉയർന്ന ഭാഗത്ത് ഒരുക്കിയ മഴവെള്ള സംഭരണിയാണ് ഏറ്റവും ആകർഷണീയവും അത്ഭുതകരവുമായ കാഴ്ച. ചെങ്കല്ല് വെട്ടിയെടുത്ത് 22 മീറ്റർ നീളവും 7 മീറ്റർ വീതിയും  3.5 മീറ്റർ ആഴവുമുള്ള കുളത്തിൽ 155000 രൂപയുടെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് 6 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയൊരുക്കിയിരിക്കുന്നത്. ആകെ 325000 രൂപയാണ് നിർമാണച്ചെലവ്. 

      കുളത്തിൻ്റെ പകുതി ഭാഗം നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ 300-മുതൽ 500 ഗ്രാം വരെ വരുന്ന തിലോപ്പിയ മത്സ്യങ്ങൾ വളരുന്നുണ്ട്. 2000 മത്സ്യ കുഞ്ഞുങ്ങളേയാണ് ഈ കുളത്തിൽ നിക്ഷേപിച്ചത്. 20000 രൂപയുടെ മത്സ്യം വിറ്റു കഴിഞ്ഞു ഇനിയും പത്ത് പതിനഞ്ചായിരം രൂപയുടെ മത്സ്യങ്ങൾ ബാക്കിയുണ്ട്.

      മഴക്കാലത്ത് കുളത്തിൽ നേരിട്ട് പെയ്തിറങ്ങുന്ന വെള്ളവും ടെറസ്സിൽ നിന്ന് ശേഖരിക്കുന്ന വെള്ളവും ചേർന്നാണ് ഈ 6 ലക്ഷം ലിറ്റർ മഴവെള്ള സംഭരണി നിറഞ്ഞു കവിയുന്നതെന്ന കാര്യം അത്ഭുതകരം തന്നെയാണ്. വേനൽകാലത്ത് പെയ്യുന്ന വെള്ളവും ഒരു തുള്ളി പുറത്ത് പോകാതെ കുളത്തിലെത്തുന്നുണ്ട്.

      കഴിഞ്ഞ മൂന്ന് നാല്  മാസങ്ങളായി കൃഷിയിടത്തിൻ്റെ ഒരു ഭാഗം നനയ്ക്കാൻ ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മീൻ വളരുന്ന ഈ വെള്ളം ചെടികൾക്കാവാശ്യമായ പോഷക ഗുണമുളളത് കുടിയാണ്. ഇത് കൂടാതെ കുളത്തിനരികിൽത്തന്നെ സാമാന്യം വലിപ്പമുള്ള ഒരു ജീവാമൃത ( ചാണകം ഗോമൂത്രം വെല്ലം തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന സസ്യ പോഷക ദ്രവ്യം) സംഭരണിയും ഉണ്ട്. ഇതിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് പൈപ്പുവഴി ജീവാമൃതമെത്തിക്കുന്നു.

      മൂന്നേക്കർ വരുന്ന റബ്ബർത്തോട്ടവും അതിനപ്പുറം കാണുന്ന മുന്നൂറെണ്ണമുളള പൂവൻ വാഴത്തോട്ടവും അങ്ങ് താഴെ കാണുന്ന തെങ്ങും കവുങ്ങും കുരുമുളകും വാഴയുമെല്ലാം ഈ പുരയിടത്തെ സമ്പന്നമാക്കുന്നു.

      രണ്ട് കാസറഗോഡൻ കുള്ളനളടക്കം 4 പശുക്കളാണ് രാജേഷ് മാഷിൻ്റെ കൃഷിത്തോട്ടത്തെ ജീവസ്സുറ്റതാക്കുന്നത്. റബ്ബർത്തോട്ടത്തിൽ വീണ്ടുമൊരു മഴവെളള സംഭരണിയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് മാഷ്.

     റബ്ബർത്തോട്ടത്തിനരികിലുള്ള ചെറിയൊരു വാട്ടർ ടാങ്കും  അതിന് താഴെയൊരു ജീവാമൃത ടാങ്കും നിർമാണം പൂർത്തിയാക്കാത്ത മറ്റൊരു ടാങ്കും തൊഴുത്തും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ പഴയ ഓട് മേഞ്ഞ വീടും കടന്നാൽ മാഷിൻ്റെ കോഴി ഫാമിനരികിലെത്താം. പൂർണ വളർച്ചയെത്തിയ ഇരുപതിലേറെ ഗ്രാമശ്രീ കോഴികൾ വില്പനക്ക് പാകമായി നിൽക്കുന്നു.

   തൊട്ടടുത്ത് താറാവ് ഫാമുമുണ്ട്. നീന്തൽക്കുളമടക്കം ഒരുക്കിയുള്ള ഫാമിൽ പത്ത് പന്ത്രണ്ട് വെള്ളത്താറാവുകൾ യഥേഷ്ടം മുട്ടയിടുന്നു. 

     മാഷിൻ്റെ അച്ഛൻ സ്കറിയയും അമ്മ മേരിയും മൂത്ത മകൾ രണ്ടാം ക്ലാസുകാരി ജ്യുവൻ മരിയ, മൂന്നര വയസുകാരൻ റയാൻ എന്നിവരാണ് വീട്ടിലുള്ളത്. ഭാര്യ ജോളി കുവൈറ്റിൽ നഴ്സാണ്. അച്ഛൻ്റേയും അമ്മയുടേയും പൂർണ സഹായത്തോടെയാണ് പുരയിടം പച്ചപ്പണിയുന്നത്.  

     അധ്യാപനവും കൃഷിയും സംഘടനാ പ്രവർത്തനവും ഒന്നിച്ച് കൊണ്ട് പോകുന്ന രാജേഷ് സ്കറിയ താൻ ഒരുപാട് വർഷക്കാലം ജോലി ചെയ്ത അമ്പലത്തറ സ്ക്കൂളിൻ്റെ സമഗ്രമായ വളർച്ചക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച അധ്യാപകനും അതോടൊപ്പം മികച്ച സംഘാടകനും കൂടിയാണ്.

ഇപ്പോൾ മേക്കാട്ട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ആണ്.


 കെ.എസ് ടി എ ജില്ലാ കമ്മിറ്റിയിലെ സജിവ പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പലത്തറ യൂണിറ്റ് അംഗവുമാണ് രാജേഷ് മാഷ്. 


മാഷിൻ്റെ പുരയിടത്തിലെ കൃഷി പാഠം അനുഭവിച്ചറിയാനായി ഒട്ടേറെ പേർ എത്തുന്നുണ്ട്.

No comments