Breaking News

ആദ്യ എംഎൽഎ ശമ്പളം ആരോഗ്യപ്രവർത്തകർക്ക്; മാതൃകയായി നജീബ് കാന്തപുരം




ആദ്യ എംഎൽഎ ശമ്പളം ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി കെഎസ്ആർടിസി സർവീസിലേക്ക് നൽകി പെരിന്തൽമണ്ണയിലെ നിയുക്ത എംഎൽഎ നജീബ് കാന്തപുരം. നഷ്ടത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉപേക്ഷിച്ചതോടെ കഷ്ടത്തിലായ പെരിന്തല്‍മണ്ണയിലെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകർ ദുരിതത്തിൽ ആയിരുന്നു.

ലോക്ക്ഡൗൺ കാലത്ത് പത്തും പതിനഞ്ചും പേര്‍ക്കു വേണ്ടി സര്‍വീസ് നടത്തേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചതോടെ ദുരിതത്തിൽ ആയത് ദിനവും പെരിന്തൽമണ്ണയിലേക്ക് വരുന്ന ആരോഗ്യ പ്രവർത്തകരാണ്. ബസ്സ് മുടങ്ങിയതോടെ ആറും ഏഴും കിലോമീറ്റര്‍ നടന്നാണ് കോവിഡ് രോഗികളുടെ പരിചരണത്തിന് എത്തുന്നതെന്ന് പല വനിത ജീവനക്കാരും വിഷമം അറിയിച്ചതോടെയാണ് നിയുക്ത എം.എല്‍.എ നജീബ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടത്.



ഓരോ ബസിനും നഷ്ടമുണ്ടാകുന്ന 25 ലീറ്റര്‍ വീതം ഡീസലിന്റെ പണം ഒരാഴ്ച കൂടുമ്പോള്‍ അടക്കാമെന്ന് നജീബ് കാന്തപുരം കെ.എസ്.ആര്‍.ടി.സിയെ അറിയിച്ചു. ഇതോടെ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ആശുപത്രിയ്ക്കു പുറമേ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും രാവിലെ എത്താനും മടങ്ങിപ്പോവാനും സര്‍വീസ് ഉപകരിക്കും. നിലവില്‍ മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട് ഭാഗങ്ങളിലേക്കാണ് എം.എല്‍.എയുടെ മുന്‍കയ്യില്‍ പുതിയ സര്‍വീസ് ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ ഹോസ്പിറ്റൽ സിറ്റി എന്ന് അറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ ഗവൺമെൻ്റ് ജില്ലാ ആശുപത്രി ഉൾപ്പെടെ പത്തോളം ആശുപത്രികൾ ഉണ്ട്.

No comments